Advertisement

‘പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണം’: ഹൈക്കോടതി

January 15, 2020
Google News 0 minutes Read

പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. നിരോധനത്തിന് മുമ്പ് നിർമിച്ച പ്ലാസ്റ്റിക് നശിപ്പിക്കുന്നതിന് സർക്കാർ പദ്ധതി തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. പരിശോധന നടത്തുമ്പോൾ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തണമെന്ന നിർദേശവും കോടതി മുന്നോട്ടുവച്ചു.

ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക്കുകൾക്കുള്ള നിരോധനം ഈ മാസം ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. ജനുവരി 15 വരെ നിരോധിത പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്നതിലും ഇളവ് നൽകിയിരുന്നു. ഇതിന് ശേഷവും നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഈ വിഷയത്തിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ ഉത്തരവ്.

നിരോധനത്തിന് മുൻപുണ്ടായിരുന്ന പ്ലാസ്റ്റിക്കുകൾ കണ്ടെത്തി നശിപ്പിക്കുന്നതിന് സർക്കാർ പദ്ധതി കണ്ടെത്തണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൂടാതെ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരെ കൂടി സഹകരിപ്പിച്ചാകണം നടപടിയെന്നും കോടതി നിർദേശം നൽകി. ഇതിനായി സമയവും തീയതിയും നിർമാതാക്കളെ മുൻകൂട്ടി അറിയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നതിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് ക്യാരി ബാഗ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. എന്നാൽ സമയം നീട്ടി നൽകിയിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയച്ചതിനെ തുടർന്നാണ് നിരോധനത്തിന് മുൻപുള്ള പ്ലാസ്റ്റിക്കുകൾ കണ്ടെത്തി നശിപ്പിക്കാൻ പദ്ധതി കണ്ടെത്തണമെന്ന് കോടതി ഉത്തരവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here