എങ്ങനെ ഫാസ്ടാഗ് എടുക്കണം ? എവിടെ കിട്ടും ? എന്തൊക്കെ രേഖകൾ വേണം ? [24 Explainer]

രാജ്യത്തെ ടോൾ ബൂത്തുകളിൽ സമ്പൂർണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങി. തിരക്കിട്ട് ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പു മാത്രമാണ് ഇക്കാര്യത്തിൽ ദേശീയപാതാ അതോറിറ്റി നൽകുന്നത്. ഏത് ടോൾ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്.
എന്നാൽ എങ്ങനെ ഫാസ്ടാഗ് എടുക്കണം, എവിടെ നിന്ന് എടുക്കണം, അതിന് എന്തൊക്കെ രേഖകൾ വേണം..തുടങ്ങി നൂറുകണക്കിന് സംശയങ്ങളാണ് പൊതുജനങ്ങളുടെ മനസിൽ . അതിനുള്ള ഉത്തരങ്ങൾ ഇതാ…
എന്താണ് ഫാസ്ടാഗ് ?
വാഹനങ്ങളിൽ ഒട്ടിക്കുന്ന ഒരു റേഡിയോ ഫ്രീക്വന്‌സി ഐഡന്റിഫിക്കേഷൻ സ്റ്റിക്കറാണിത്. വിൻഡ് സ്‌ക്രീനിൽ ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോൾ പ്ലാസയിലൂടെ കടന്നു പോകുമ്പോൾ തനിയെ ടോൾ ശേഖരിക്കപ്പെടുന്നു. വാഹനം നിർത്തി ടോൾ കൊടുക്കേണ്ട ആവശ്യമില്ല. ടോൾ പ്ലാസയിലെ സംവിധാനം ഇലക്ട്രോമാഗ്‌നെറ്റിക് ഫ്രീക്വൻസി ഉപയോഗിച്ച് വണ്ടിയുടെ വിവരവും, പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് പൈസയും എടുക്കുന്നു.
എവിടെ കിട്ടും ?
എല്ലാ ടോൾ പ്ലാസകളിൽ നിന്നും 23 ബാങ്കുകളിൽ നിന്നും ഫാസ്ടാഗുകൾ ലഭിക്കും.
എങ്ങനെ എടുക്കണം ?
1. ടോൾ പ്ലാസകളിൽ നിന്ന്
ഫാസ്ടാഗ് സ്വന്തമാക്കാൻ വാഹനവുമായി ടോൾ പ്ലാസയിൽ എത്തണം. ആർസി ബുക്ക്, വിലാസം തെളിയിക്കുന്ന ആധാർ കാർഡ്/വോട്ടർ ഐഡി എന്നിവ വേണം. ടോൾ പ്ലാസയിലെത്തിയാൽ വിതരണക്കാർ നേരിട്ട് വാഹനത്തിൽ ഒട്ടിച്ച് തരും. ഇത് പഴയ വാഹനത്തിന്റെ കാര്യം. പുതിയ വാഹനത്തിന് വിതരണക്കാർ തന്നെ ടാഗ് നൽകുന്നതായിരിക്കും.
2. ബാങ്കിൽ നിന്ന്
ഓൺലൈനായും തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകൾ വഴിയും ഫാസ്ടാഗ് ലഭ്യമാകും. ഓൺലൈനായി ഫാസ്ടാഗ് സ്വന്തമാക്കാൻ വാഹനത്തിന്റെ രണ്ട് ഫോട്ടോയും തെളിവായി അനുബന്ധ രേഖകളും നൽകണം. അപ്പോൾ ബാങ്ക് ഒരു പ്രത്യേക അക്കൗണ്ട് ഉണ്ടാക്കും. ഇതിലേക്ക് മാറ്റുന്ന തുക ടാഗിലേക്കാണ് പോവുക. മറ്റാവശ്യങ്ങൾക്ക് ഈ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കില്ല.
ഓൺലൈനായല്ലാതെ നേരിട്ടും ഫാസ്ടാഗ് സ്വന്തമാക്കാം. നേരിട്ട് ഫാസ്ടാഗ് നൽകുന്ന ബ്രാഞ്ചുകളിലെത്തി രേഖകൾ കൈമാറിയാൽ ഉടൻ ഫാസ്ടാഗ് ലഭിക്കും. ഇതിന് വാഹനം കൊണ്ടുപോകേണ്ടതില്ല.
ചെലവ്
500 രൂപയാണ് ഫാസ്ടാഗിന് വരുന്ന ചിലവ്. ഇതിൽ 200 രൂപ നിക്ഷേപവും 100 രൂപ ഫീസും 200 രൂപ ആദ്യത്തെ ടോൾ പ്രീപെയ്ഡ് ഫീസുമാണ്. ഓരോ തവണവാഹനം കടന്നുപോകുമ്പോഴും തുക കുറഞ്ഞുകൊണ്ടിരിക്കും. മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇത് റീചാർജ് ചെയ്യാവുന്നതാണ്.
Story Highlights- Fastag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here