ജെഎൻയു ഫീസ് വർധന; കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥി യൂണിയൻ

ജെഎൻയുവിലെ ഫീസ് വർധനവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥി
യൂണിയൻ. ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിന്റേതാണ് തീരുമാനം. അതിനിടെ ജെഎൻയുവിൽ ആക്രമണം നടത്തിയ എബിവിപിക്കാരായ പ്രതികൾ ഒളിവിലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

സർവകലാശാലയിലെ വിവിധ വകുപ്പുകളുടെയും സെന്ററുകളുടെയും ജനറൽ ബോഡി മീറ്റിംഗിലാണ് പുതുക്കിയ ഫീസ് വർധനവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥി യൂണിയൻ ഉറപ്പ് നൽകിയത്. ഫീസ് വർധനവ് കൂടാതെ പരിഷ്‌കരിച്ച ഹോസ്റ്റൽ മാനുവൽ റദ്ദാക്കണമെന്ന ആവശ്യവും വിദ്യാർത്ഥികൾ കോടതിയിൽ പറയും. ഇന്ന് വിദ്യാർത്ഥി യൂണിയൻ ഡൽഹി ഹൈകോടതിയിൽ ഹർജി നൽകിയേക്കും.

അതേസമയം, ഇതുവരെയുണ്ടായ രജിസ്‌ട്രേഷൻ വിവരങ്ങൾ സർവകലാശാല അധികൃതർ പുറത്തുവിട്ടു. വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. എന്നാൽ പുറത്തുവിട്ട കണക്കിൽ വർധനവ് ഇല്ലെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു.

അതിനിടെ അക്രമം നടത്തിയ എബിവിപി പ്രവർത്തകരായ കോമൽ ശർമ, രോഹിത്ത് ഷാ, അഖ്ഷത് അവസ്തി, എന്നിവർ ഒളിവിലാണ്. ഇവരെ ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഇവരുടെ ഫോണുകൾ ഓഫാണെന്നും ഡൽഹി പൊലീസ് കൂട്ടിച്ചേർത്തു.

Story Highlights- JNU, Fee Hike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top