വിഷ പദാർത്ഥങ്ങൾ അടങ്ങിയ കത്ത് ലഭിച്ചു; ജീവനു ഭീഷണിയുണ്ടെന്ന് പ്രഗ്യാ സിംഗ് താക്കൂർ

തനിക്ക് ജീവനു ഭീഷണിയെന്ന് മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് താക്കൂർ. രാസവസ്തുക്കളും വിഷ പദാർത്ഥങ്ങളും അടങ്ങിയ കത്തുകൾ തനിക്ക് ലഭിച്ചുവെന്നും തനിക്കെതിരെ വധഭീഷണിയുണ്ടെന്നും പ്രഗ്യ പറഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി ഭോപ്പാൽ പൊലീസിൽ ഇവർ പരാതിപ്പെട്ടിട്ടുണ്ട്. പ്രഗ്യയുടെ വീട്ടിൽ നിന്ന് മൂന്നു നാല് കവറുകൾ കണ്ടെടുത്തു എന്നും ചില കവറുകളിൽ ഉറുദുഭാഷയിലുള്ള കത്തുകൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പ്രയയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ഫോട്ടോകള്‍ വെട്ടി മുറിച്ച് കത്തിനകത്ത് വെച്ചിട്ടുണ്ട്. കത്തയച്ചത് തീവ്രവാദികൾ ആകാമെന്നും ഇത്തരം ഭീഷണികളിൽ താൻ ഭയപ്പെടുന്നില്ലെന്നും പ്രഗ്യ പറഞ്ഞു.
അതേ സമയം, കത്തുകൾ ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രഗ്യ പരാതി നൽകിയിട്ടുണ്ടെന്ന് ഭോപ്പാല്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഇര്‍ഷാദ് വാലി സ്ഥിരീകരിച്ചു. കേസിൽ എഫ് ഐ ആർ ഫയൽ ചെയ്തിട്ടുണ്ടെന്നും കൂടുതൽ പരിശോധിച്ചതിനു ശേഷം മാത്രമേ കത്തിലെ രാസവസ്തുക്കളെപ്പറ്റി കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രഗ്യാ സിംഗ് താക്കൂറിനു ലഭിച്ച ഭീഷണിക്കത്ത് എന്ന അടിക്കുറിപ്പോടെ കത്തുകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രഗ്യയുടെ വിലാസത്തോട് കൂടിയുള്ള കത്തുകളാണ് പ്രചരിക്കുന്നത്. കത്തുകളിൽ വിഷം കലർന്ന രാസവസ്തു ചേർത്തിട്ടുണ്ടെന്നും അത് ജീവനു ഭീഷണിയാണെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
Story Highlights: Pragya Singh Thakur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here