രണ്ട് യുവതികളെ കൊലപ്പെടുത്തിയെന്ന് ചാനൽ ചർച്ചയിൽ തുറന്നടിച്ച് യുവാവ്; സ്റ്റുഡിയോയിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്

രണ്ട് യുവതികളെ കൊലപ്പെടുത്തിയെന്ന് ചാനൽ ചർച്ചയിൽ തുറന്നടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡിഗഢിലാണ് സംഭവം. 31 കാരനായ മനന്ദർ സിംഗാണ് അറസ്റ്റിലായത്. പത്ത് വർഷത്തിനിടെ രണ്ട് യുവതികളെ കൊലപ്പെടുത്തിയെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. സ്റ്റുഡിയോയിൽ എത്തിയാണ് മനന്ദർ സിംഗിനെ പൊലീസ് അറസ്റ്റു ചെയ്തത്.
കൂടെ താമസിച്ചിരുന്ന 27 കാരിയായ നഴ്‌സ് സറബ്ജിത്ത് കൗറിനേയും റെനു എന്ന യുവതിയേയുമാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇരുവർക്കും മറ്റൊരു പ്രണയമുണ്ടെന്ന സംശയത്തിന്റെ പുറത്തായിരുന്നു കൊലപാതകം. സറബ്ജിത്ത് കൗറിന് സഹോദരന്റെ ഭാര്യയുടെ സഹോദരനുമായി പ്രണയമുണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം. ഇക്കാര്യം പറഞ്ഞാണ് സറബ്ജിത്തിനെ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് സ്വദേശിനിയായിരുന്നു റെനു. 2010 ലായിരുന്നു റെനുവിനെ സംശയത്തിന്റെ പേരിൽ മനന്ദർ കൊലപ്പെടുത്തിയത്.
ചാനൽ ചർച്ചയിൽ മനന്ദർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതിന് പിന്നാലെ പൊലീസ് സ്റ്റുഡിയോയിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. റെനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മനന്ദറിനെ അറസ്റ്റു ചെയ്‌തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here