‘മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ’; സിപിഐഎം പ്രവർത്തകരാണെന്ന് ആവർത്തിച്ച് അലനും താഹയും

മാവോയിസ്റ്റുകളല്ല സിപിഐഎം പ്രവർത്തകരാണെന്ന് ആവർത്തിച്ച്പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലൻ ഷുഹൈബും താഹാ ഫസലും. തങ്ങൾ മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും ഇവർ പറഞ്ഞു. കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം.
തങ്ങൾ മാവോയിസ്റ്റുകൾ ആണെന്ന്പറയുന്ന മുഖ്യമന്ത്രിതങ്ങൾ ആരെയാണ് കൊന്നതെന്നതിനും എവിടെയാണ് ബോംബുവച്ചതെന്നതിനും തെളിവ് കൊണ്ടുവരട്ടെയെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎം ബൂത്ത് ഏജന്റായി പ്രവർത്തിച്ചിട്ടുണ്ട്.വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും തെണ്ടിനടന്നവരാണ് തങ്ങളെന്നുംഇരുവരും പറഞ്ഞു.
പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ശുഹൈബിനെയും താഹാ ഫസലിനെയും ഫെബ്രുവരി 14 വരെ കൊച്ചി എൻഐഎ കോടതി റിമാൻഡ് ചെയ്തു. എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് കൊച്ചിയിലെ കോടതി കേസ് പരിഗണിക്കുന്നത്. എൻഐഎ സമർപ്പിച്ച 7 ദിവസത്തെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. സുരക്ഷ പരിഗണിച്ച് അലനെയും, താഹയെയും തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാനും കോടതി നിർദേശിച്ചു.താഹയുടെ ചികിത്സ തൃശൂർ മെഡിക്കൽ കോളജിൽ തുടരാമെന്ന് കോടതി പറഞ്ഞു. എൻഐഎ ഉദ്യോഗസ്ഥർ, ജയിൽ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ മാത്രമെ പ്രതികൾ ആരെങ്കിലുമായി സംസാരിക്കാവൂ എന്നും കോടതി നിർദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here