കേരളത്തിനു പിന്നാലെ പഞ്ചാബും; പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ്. പ്രത്യേക നിയമസഭാ സമ്മേളനത്തിന്‍റെ രണ്ടാം ദിവസത്തിലാണ് പഞ്ചാബ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം പാസാക്കിയത്. രാജ്യത്തിന്റെ മതേതരത്വം തകർക്കുന്നതാണ് നിയമമെന്ന് പ്രമേയത്തിൽ പറയുന്നു. നിയമത്തിനെതിരെ കേരളത്തിനൊപ്പം സുപ്രിം കോടതിയിൽ പോരാടുമെന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വ്യക്തമാക്കി
ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ പ്രമേയത്തെ പിന്തുണച്ചു എന്നത് ശ്രദ്ധേയമായി. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ രണ്ടാമത്തേതും കോൺഗ്രസ് ഭരിക്കുന്ന ആദ്യത്തേതും സംസ്ഥാനമാണ് പഞ്ചാബ്. കേരളം പ്രമേയം പാസാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ഇതര സർക്കാരുകളിലെ മുഖ്യമന്ത്രിമാർക്ക് വിഷയത്തിൽ കത്തയച്ചിരുന്നു.
അതേ സമയം, വിഷയത്തിൽ കേരള ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ പോര് തുടരുകയാണ്. പൗരത്വ നിയമ ഭേദഗതിയിൽ സുപ്രിംകോടതിയിൽ ഹർജി നൽകിയ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ പറഞ്ഞു. ഗവർണറുടെ അധികാരം മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാനാവില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
റൂൾസ് ഓഫ് ബിസിനസിന്റെ പകർപ്പുമായാണ് ഗവർണർ മാധ്യമങ്ങളെ കണ്ടത്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളിൽ താനുമായി സംസ്ഥാന സർക്കാർ ചർച്ച ചെയ്തേമതിയാവെന്ന് ഇതിലെ ചട്ടങ്ങൾ എടുത്തുപറഞ്ഞ് ഗവർണർ വ്യക്തമാക്കി. ഗവർണറുടെ അനുമതിയില്ലാതെ സർക്കാരിന് കോടതിയെ സമീപിക്കാനാകില്ല. സംസ്ഥാനത്തെ ഭരണ സംവിധാനം തകരാതെ നോക്കേണ്ടത് തന്റെ ചുമതലയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
Story Highlights: CAA, NRC, Punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here