‘സിലിയെ കൊന്നത് ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി’;കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലി കൊലപ്പെട്ട കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഷാജു ഉൾപ്പെടെ 165 സാക്ഷികളാണ് കേസിലുള്ളത്. 192 രേഖകളും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.
ഗുളികയിൽ സയനൈഡ് ചേർത്ത് നൽകിയാണ് സിലിയെ ജോളി കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി കെ ജി സൈമൺ പറഞ്ഞു. സിലിയുടെ മകൻ ഇതിന് സാക്ഷിയാണ്. ഗുളിക നൽകിയ ശേഷം ജോളിയുടെ ബാഗിൽ കരുതിയിരുന്ന കുപ്പിയിലെ വെള്ളമാണ് നൽകിയതെന്ന് മകൻ മൊഴി നൽകിയിരുന്നു. ഇതിനിടെ ഐസ്‌ക്രീം വാങ്ങി കഴിച്ചോളാൻ പറഞ്ഞ് ജോളി കുട്ടിക്ക് 50 രൂപ നൽകി. അസ്വാഭാവികത തോന്നി കുട്ടി തിരിച്ചുവന്നപ്പോൾ സിലി മറിഞ്ഞുവീഴുന്നതാണ് കണ്ടത്. ഇത് കണ്ട് ജോളി ചിരിക്കുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കിയതായി കെ ജി സൈമൺ പറഞ്ഞു.
സിലി മരിച്ചു വീണതിന് പിന്നാലെ ജോളി സിലിയുടെ സഹോദരനെ വിളിച്ചു വരുത്തി. താൻ തെറ്റുകാരിയല്ലെന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. ദൂരെയുള്ള ആശുപത്രിയിലെത്തിക്കാൻ ജോളി നിർബന്ധം പിടിച്ചു. ജനതാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ സിലിയുടെ വയർ കഴുകുന്നത് ഉൾപ്പെടെ ചെയ്തു. ഹിസ്റ്ററി ഷീറ്റിൽ വിഷം ഉള്ളിൽ ചെന്നിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് ആരും ഗൗരവത്തിലെടുത്തില്ല. കാര്യമാക്കിയിരുന്നെങ്കിൽ സിലി ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. ഇതിൽ ഡോക്ടറുടെ മൊഴി നിർണായകമാണെന്നും സൈമൺ പറഞ്ഞു.
സിലി കൊലപാതകത്തിൽ ഷാജുവിനെതിരെ തെളിവുകളില്ല. ഷാജുവിനെ പോലെയുള്ള ഭർത്താവിനെ വേണമെന്ന് ജോളി പലരോടും പറഞ്ഞിരുന്നു. ചില വിവാഹ വീടുകളിൽ ഷാജുവിന്റെ ഭാര്യയായി ജോളി ബോധപൂർവം അഭിനയിക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.സിലിക്ക് ചില വിഷമങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് ആരോടും പറഞ്ഞിരുന്നില്ല. സിലി മരിച്ച ശേഷം ആഭരണങ്ങൾ കൈപ്പറ്റിയത് ജോളിയാണ്. ഇത് ജോളി ഉപയോഗിച്ചതിന് തെളിവുണ്ട്. കേസിൽ കൃത്യമായ സാക്ഷികളും തെളിവുകളുമുണ്ടെന്നും കെ ജി സൈമൺ കൂട്ടിച്ചേർത്തു.
story highlights- sili murder case, koodathayi serial murder, jolly joseph, shaju, sp k g saimon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here