ഇറാഖിൽ ഇറാന്റെ മിസൈലാക്രമണം; 11 അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായി വെളിപ്പെടുത്തൽ

ഇറാഖിലെ അൽ അസദ് വ്യോമകേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 11 അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായി വെളിപ്പെടുത്തൽ. അമേരിക്കൻ സൈനിക വക്താവ് ക്യാപ്റ്റൻ ബിൽ അർബനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പരുക്കേറ്റ എട്ട് സൈനികരെ ജർമനിയിലെ ലാൻഡ്സ്റ്റുൾ മെഡിക്കൽ സെന്ററിലേക്കും മൂന്ന് പേരെ കുവൈത്തിലെ അരിഫ്ജാൻ ക്യാമ്പിലേക്കുമാണ് മാറ്റിയത്. 1,500 സൈനികരാണ് ആക്രമണസമയത്ത് വ്യോമകേന്ദ്രത്തിലുണ്ടായിരുന്നത്. ആരും കൊല്ലപ്പെട്ടിട്ടില്ല.
ജനുവരി എട്ടിനാണ് അൽ അസദ് വ്യോമകേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈലാക്രമണമുണ്ടായത്. സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണം. രാജ്യത്തിന്റെ അവകാശവാദം സംഭവത്തിൽ 80 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്നായിരുന്നു. എന്നാൽ വാദം തള്ളിയ അമേരിക്ക തങ്ങളുടെ സൈനികർക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് തിരിച്ചടിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here