ജമ്മു കശ്മീരിൽ എസ്എംഎസ്, വോയിസ് കോൾ സൗകര്യങ്ങൾ പുനഃസ്ഥാപിച്ചു

ജമ്മു കശ്മീരിൽ എസ്എംഎസ്, വോയിസ് കോൾ സൗകര്യങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചു. ശനിയാഴ്ച മുതൽ സേവനങ്ങൾ ലഭ്യമാകുമെന്ന് ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കെൻസാൽ പത്രസമ്മേളനത്തിൽ പറഞ്ഞു. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് ഇവ നേരത്തെ പുനഃസ്ഥാപിച്ചിരുന്നു.
പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കായി പുനഃസ്ഥാപിച്ച 2ജി മൊബൈൽ ഇന്റർനെറ്റ് സേവനം കശ്മീരിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുമുണ്ട്. കർശനമായ പുനഃപരിശോധനയ്ക്ക് ശേഷമാണ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് രോഹിത് കെൻസാൽ പറഞ്ഞു.
ജമ്മുവിലെ 10 ജില്ലകളിലും കശ്മീരിലെ കുപ്വാര, ബന്തിപ്പോര തുടങ്ങിയ ജില്ലകളിലുമാണ് 2ജി ഇന്റർനെറ്റ് സേവനങ്ങൾ അനുവദിച്ചത്. അതേസമയം കശ്മീരിലെ ബുദ്ഗാം, ഗന്ദേർബാൽ, ബാരാമുള്ള, ശ്രീനഗർ, കുൽഗാം, അനന്ത്നാഗ്, ഷോപിയാൻ, പുൽവാമ തുടങ്ങിയ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റിന് വിലക്ക് തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here