Advertisement

‘ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത് മതസൗഹാർദത്തിന്റെ പുതിയൊരേട്’ : മുഖ്യമന്ത്രി

January 19, 2020
Google News 1 minute Read

നിർധനയായ ഹിന്ദു പെൺകുട്ടിയുടെ വിവാഹം ചേരാവള്ളിയിലെ മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തിയ സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ രൂപം :

‘മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിൽ ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റേയും മിനിയുടേയും മകൻ ശരത്തും വിവാഹിതരായി.

ഭർത്താവിന്റെ മരണത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവർ സന്തോഷപൂർവ്വം അത് ഏറ്റെടുക്കുകയും ചെയ്തു. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറാൻ ഇവർ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരൻമാർക്കും കുടുംബാംഗങ്ങൾക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ് എന്ന് കൂടുതൽ ഉച്ചത്തിൽ നമുക്ക് പറയാം ഈ സുമനസ്സുകൾക്കൊപ്പം.’

ഇന്ന് രാവിലെ 11.30 നും 12.30 നും മധ്യേ ചേരാവള്ളി ജമാഅത്ത് പള്ളിയ്ക്ക് സമീപം ഫിത്വറ ഇസ്‌ലാമിക് അക്കാദമിയിൽവച്ചാണ് വിവാഹം നടന്നത്. മകളുടെ വിവാഹം നടത്താൻ മാർഗമില്ലാതെ വന്നതോടെയാണ് കായംകുളം സ്വദേശികളായ അശോകനും ബിന്ദുവും ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടിയത്. ആവശ്യം മനസിലാക്കിയ കമ്മിറ്റി ഭാരവാഹികൾ വിവാഹത്തിനുള്ള ചെലവ് പൂർണ്ണമായി വഹിക്കാമെന്ന് ഉറപ്പ് നൽകി. വീട്ടുകാർക്കൊപ്പം ജമാഅത്ത് കമ്മിറ്റിയും വിവാഹക്ഷണക്കത്ത് എല്ലാവർക്കും നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here