തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി; നിയമസഭാ സമ്മേളനം 30 മുതല്‍

തദ്ദേശ വാര്‍ഡുകള്‍ വര്‍ധിപ്പിക്കാനുളള കരട് ബില്ലിന് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തദ്ദേശ വാര്‍ഡുകള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഓര്‍ഡിനന്‍സ് ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി നിയമസഭയില്‍ ബില്‍ പാസാക്കി മറികടക്കാമെന്നതാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.
വാര്‍ഡ് വിഭജനം സര്‍ക്കാരിന്റെ അധികാരമാണെന്നും തീരുമാനത്തിന് നിയമപരമായ നിലനില്‍പ്പുണ്ടെന്നും തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സെന്‍സസ് നടപടികളെ വാര്‍ഡ് വിഭജനം ബാധിക്കില്ല. ഭരണപരമായ അതിര്‍ത്തികളില്‍ മാറ്റം വരുത്തുന്നില്ല. വാര്‍ഡുകള്‍ വര്‍ധിപ്പിക്കുക മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ മാസം 30 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
വാര്‍ഡ് വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. ഓര്‍ഡിനന്‍സ് അല്ല വേണ്ടത്. ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കണമെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here