ധവാന്റെ പരുക്ക്; ന്യൂസിലൻഡ് പര്യടനം നഷ്ടമാവുമെന്ന് റിപ്പോർട്ട്

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ന്യൂസിലൻഡ് പര്യടനത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പരുക്കേറ്റ് പുറത്തായതിനു ശേഷം ഓസ്ട്രേലിയൻ പരമ്പരയിലൂടെ തിരികെയെത്തിയ ധവാൻ മികച്ച ഫോമിലായിരുന്നത് കൊണ്ടു തന്നെ അദ്ദേഹം പുറത്തു പോകുന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം വന്നില്ലെങ്കിലും ധവാൻ ന്യൂസിലൻഡിൽ ഉണ്ടാവില്ലെന്നാണ് വിവരം.
ഓസ്ട്രേലിയൻ ബാറ്റിംഗിനിടെ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു ധവാനു പരുക്കേറ്റത്. പന്ത് ഫീൽഡ് ചെയ്യാനായി ഡൈവ് ചെയ്ത ധവാൻ ഇടതു തോളിനു പരുക്കേറ്റ് മടങ്ങി. പകരം സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി യുസ്‌വേന്ദ്ര ചഹാലാണ് ഇറങ്ങിയത്. ധവാനു പകരം ലോകേഷ് രാഹുലാണ് പിന്നീട് ഇന്ത്യൻ ഇന്നിംഗ്സ് രോഹിതിനൊപ്പം ഓപ്പൺ ചെയ്തത്. ഈ പരുക്ക് ഭേദമാവാൻ സമയമെടുക്കുമെന്നും അതുകൊണ്ട് തന്നെ ധവാന് ന്യൂസിലൻഡ് പര്യടനം നഷ്ടമാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ന് രാവിലെ ഇന്ത്യൻ ടീം ന്യൂസിലൻഡിലേക്ക് തിരിച്ചിരുന്നു. ടീമിനൊപ്പം ധവാൻ ഇല്ലായിരുന്നു എന്നാണ് വിവരം. ന്യൂസിലൻഡിൽ അഞ്ച് ടി-20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക.
അതേ സമയം, ഓസ്ട്രേലിയക്കെതിരായ അവസാന മത്സരം ഇന്ത്യ ഏഴു വിക്കറ്റിന് വിജയിച്ചിരുന്നു. ജയത്തോടെ 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. 287 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഏകദിന കരിയറിലെ 29-മത് സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് (119) ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുംതൂണായത്. രണ്ടാം വിക്കറ്റില്‍ കോലി-രോഹിത് സഖ്യം 137 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.
Story Highlights: Shikhar Dhawan