കള്ളപ്പണക്കേസ്; പ്രമുഖ വ്യവസായി സി.സി തമ്പി അറസ്റ്റിൽ

കള്ളപ്പണക്കേസിൽ പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് ഉടമയുമായ സി.സി തമ്പി അറസ്റ്റിൽ. റോബർട്ട് വദ്രയുടെ ബെനാമിയെന്നും ബിസിനസ് പങ്കാളിയെന്നും ആരോപണമുയർന്ന വ്യവസായിയാണ് സി.സി തമ്പി. 288 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് തമ്പിക്കെതിരെ ആരോപിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് സി.സി. തമ്പിയെ കസ്റ്റഡിയിൽ എടുത്തതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി. വിശദമായ ചോദ്യംചെയ്യലിൽ ഉന്നതർ അടക്കമുള്ളവർ നടത്തിയ കള്ളപ്പണ ഇടപാടുകളുടെ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന. വിദേശ വിനിമയ ചട്ടം ലംഘിച്ച് കോടികണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് സി.സി തമ്പി നടത്തിയെന്ന വിലയിരുത്തലിലാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണസംഘം.
തമ്പിയുടെ ഹോളിഡേ പ്രോപ്പർട്ടീസ്, ഹോളിഡേ സിറ്റി സെന്റർ, ഹോളിഡേ ബേക്കൽ റിസോർട്ട്‌സ് കമ്പനികൾ മുഖേന 288 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. കേരളത്തിലെ വസ്തു ഇടപാടുകളും അന്വേഷണപരിധിയിലാണ്.
റോബർട്ട് വദ്രയും സി.സി. തമ്പിയും നൽകിയ മൊഴികളിൽ വൈരുധ്യമുള്ളതും തമ്പിക്ക് തിരിച്ചടിയായി. തമ്പിയെ വിമാന യാത്രക്കിടെ പരിചയപ്പെട്ടെന്നായിരുന്നു വദ്രയുടെ മൊഴി. എന്നാൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ പി.എ മാധവൻ മുഖേനയാണ് റോബർട്ട് വദ്രയെ കണ്ടതെന്ന് സി.സി. തമ്പി മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ.
story highlights- c c thambi, robert vadra, enforcement directorate, NRI businessman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here