Advertisement

നേപ്പാളിൽ വിഷവാതകം ശ്വസിച്ച്‌ എട്ട് മലയാളികള്‍ മരിച്ചു; ഒരു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

January 21, 2020
1 minute Read

നേപ്പാളിൽ വിഷവാതകം ശ്വസിച്ച്‌ എട്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം ചെമ്പഴന്തി, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് ഇവരെന്നാണ് റിപ്പോർട്ടുകൾ. ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ തണുപ്പകറ്റാൻ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹീറ്ററിൽ നിന്ന് പുറത്ത് വന്ന കാർബൺ മോണോക്‌സൈഡാണ് കാരണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണ വിവരം സ്ഥിരീകരിച്ചത്. കാഠ്മണ്ഡുവിലെ എച്ച്എഎംഎസ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്.

തിരുവന്തപുരം ചെങ്കോട്ടുകോണം അയ്യൻകോയിക്കൽ സ്വദേശിയായ പ്രവീൺ കുമാർ നായർ (39),ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര (9), അഭിനവ് സൂര്യ (9) എന്നിവരും കോഴിക്കോട് കുന്ദമംഗലത്ത് താമസിക്കുന്ന രഞ്ജിത് കുമാർ ടിബി (39), ഭാര്യ ഇന്ദു രഞ്ജിത് (34), മക്കളായ അഭി നായർ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരുമാണ് മരിച്ചത്. പ്രവീണിന്റെ മൂന്ന് മക്കളിലൊരാൾ മറ്റൊരു മുറിയിലായതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പ്രവീണും രഞ്ജിതും എഞ്ചിനീയർമാരാണ്.

ഇന്നലെ രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോർട്ടിൽ മുറിയെടുത്തത്. ഇതിൽ ഒരു മുറിയുടെ രണ്ട് ഭാഗങ്ങളിൽ താമസിച്ചവർക്കാണ് ഇത്തരത്തിലൊരു ദുരന്തം. വാതിലുകളും ജനലുകളും അടച്ചിട്ട നിലയിലായിരുന്നു. രാവിലെ ഒപ്പമുണ്ടായിരുന്നവർ എത്ര വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. അബോധാവസ്ഥയിൽ പുലർച്ചെ ഇവരെ ബന്ധുക്കളും ജീവനക്കാരും കണ്ടെത്തി. പിന്നീട് വായുമാർഗം കാഠ്മണ്ഡുവിലെ എച്ച്എഎംഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നാല് പേരെ രാവിലെ 10.48നും മറ്റുള്ളവരെ 11.30നുമാണെത്തിച്ചത്. ആശുപത്രിയിലെത്തും മുൻപ് തന്നെ ഇവർ മരിച്ചിരുന്നതായി അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ എംബസിയിൽ നിന്ന് ഒരു ഡോക്ടറെ മരണകാരണം ബോധ്യപ്പെടാൻ വേണ്ടി എത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റ് മോർട്ടം.

കനത്ത തണുപ്പിൽ നിന്ന് രക്ഷ നേടാനാണ് ഇവർ ഹീറ്ററുപയോഗിച്ചതെന്നാണ് വിവരം. സമുദ്ര നിരപ്പിൽ നിന്ന് 2500 അടിയോളം ഉയരത്തിലാണ് റിസോർട്ട്. സ്ഥലം കാഠ്മണ്ഡുവിൽ നിന്ന് 80 കിമീ ദൂരെയാണ്. സംഭവം വിശദമായി അന്വേഷിക്കുമെന്ന് കാഠ്മണ്ഡു പൊലീസ് വ്യക്തമാക്കി.

 

 

 

nepal, death of 8 malayalis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top