Advertisement

സര്‍ക്കാരിനെതിരായ നിലപാട്; ഗവര്‍ണറുടെ തുടര്‍നീക്കങ്ങളില്‍ ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങള്‍

January 21, 2020
Google News 0 minutes Read

സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച ഗവര്‍ണറുടെ തുടര്‍നീക്കങ്ങളില്‍ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. സമവായ സാധ്യതകള്‍ തേടിയ സര്‍ക്കാര്‍, ഗവര്‍ണറുടെ നിലപാടിനോട് ഇനി എങ്ങനെ പ്രതികരിക്കുമെന്നതും ശ്രദ്ധേയമാണ്. റിപ്പബ്ലിക് ദിന പ്രസംഗത്തിലും നയപ്രഖ്യാപന പ്രസംഗത്തിലും ഗവര്‍ണര്‍ എന്ത് സമീപനം സ്വീകരിക്കുമെന്നതും ഉറ്റുനോക്കുകയാണ് സര്‍ക്കാര്‍.

രൂക്ഷമായ പരസ്പര പരസ്യപോരിനിടെ മഞ്ഞുരുക്കത്തിന്റെ സാധ്യതകള്‍ തേടിയ സര്‍ക്കാരിന് മുന്നില്‍ വെടിനിര്‍ത്തലിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുമായി കൊമ്പുകോര്‍ക്കേണ്ടതില്ലെന്ന് തീരുമാനിച്ച്, അദ്ദേഹത്തിനെതിരായ പ്രതികരണങ്ങളില്‍ മന്ത്രിമാര്‍ അയവുവരുത്തിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നടത്തുന്നത് നിയമലംഘനമാണെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍, സംസ്ഥാനത്ത് ഭരണത്തകര്‍ച്ചയെന്ന് പറയാതെ പറയുകയും ചെയ്തു കഴിഞ്ഞദിവസം.

ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ പ്രതികരിക്കാതിരിക്കാനുമാകില്ല. ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനായി പോയ ഗവര്‍ണര്‍, ദേശീയ മാധ്യമങ്ങളോട് നടത്തുന്ന പ്രതികരണങ്ങളും ചര്‍ച്ചാവിഷയമാകും. തലസ്ഥാനത്ത് ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഗവര്‍ണറുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കുമോയെന്നതും ശ്രദ്ധേയം. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ച പശ്ചാത്തലത്തില്‍, ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കാര്യത്തിലും സര്‍ക്കാരിന് ആശങ്കയുണ്ട്.

സുപ്രിംകോടതിയെ സമീപിച്ചതടക്കം പൗരത്വവിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാര്‍ തങ്ങളുടെ നേട്ടമായി നയപ്രഖ്യാനത്തിലുള്‍പ്പെടുത്തുമെന്നുറപ്പാണ്. കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളും മന്ത്രിസഭ അംഗീകരിച്ചു നല്‍കുന്ന പ്രസംഗത്തിലിടം നേടും. സര്‍ക്കാര്‍ നിലപാടുകളെ നിശിതമായി വിമര്‍ശിച്ച ഗവര്‍ണര്‍, ഇത്തരം ഭാഗങ്ങള്‍ വായിക്കാതെ പോകുമോ എന്നത് പ്രധാനമാണ്.
റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ നടത്തുന്ന പ്രസംഗവും സര്‍ക്കാര്‍ ഉറ്റുനോക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍, സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here