‘യൂ സീ മമ്മൂട്ടി വാത്സല്യം?’; ആകാംക്ഷയുണർത്തി കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ടീസർ

ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസായത്. ഒരു വിദേശ വനിതാ സുഹൃത്തുമായുള്ള ടൊവിനോയുടെ സംഭാഷണമാണ് ടീസറിൽ ഉള്ളത്.
കൊച്ചിൻ ഹനീഫയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ ‘വാത്സല്യം’ എന്ന സിനിമ കണ്ടോ എന്ന് ടൊവിനോയുടെ കഥാപാത്രം ചോദിക്കുമ്പോൾ ഇല്ല എന്ന് സുഹൃത്ത് മറുപടി നൽകുന്നു. അതുകൊണ്ടാണ് ബന്ധങ്ങളുടെ വില അറിയാത്തതെന്ന് ടൊവിനോയുടെ കഥാപാത്രം സുഹൃത്തിനെ കുറ്റപ്പെടുത്തുന്നു.
രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിയോ ബേബി അണിയിച്ചൊരുക്കുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ആൻ്റോ ജോസഫ്, റംഷി അഹ്മദ്, ടൊവിനോ തോമസ്, സിനു സിദ്ധാർത്ഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സിനു സിദ്ധാർത്ഥ് തന്നെയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൂരജ് എസ് കുറുപ്പ് ഗാനങ്ങൾ ഒരുക്കുമ്പോൾ സുഷിൻ ശ്യാം ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഒരു റോഡ് മൂവി ആണ്.
അമേരിക്കൻ നടിയായ ഇന്ത്യ ജാർവിസ് ആണ് ചിത്രത്തിലെ നായിക. ഇന്ത്യ സന്ദർശിക്കാനെത്തിയ അമേരിക്കൻ വനിതയും അവർക്കൊപ്പം ചേരുന്ന മലയാളി യുവാവും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി ഇന്ത്യയിലുടനീളം 36 ദിവസങ്ങളോളം സിനിമാ സംഘം യാത്ര ചെയ്തിരുന്നു.
Story Highlights: Tovino Thomas, Trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here