കെപിസിസി ഭാരവാഹി പട്ടികയിൽ ആശയക്കുഴപ്പം തുടരുന്നു; സാധ്യത ജംബോ പട്ടികയ്ക്ക്

കെപിസിസി ഭാരവാഹി പട്ടികയിൽ ആശയകുഴപ്പം തുടരുന്നു. അവസാന വട്ട ചർച്ചകൾയ്ക്കായി ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഡൽഹിയ്ക്ക് വിളിപ്പിച്ചു. നാളെ ഭാരവാഹി പട്ടിക പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം.

ഒരാഴ്ച്ചയായി നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കമാൻഡ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയേയും ഡൽഹിയ്ക്ക് വിളിപ്പിച്ചത്. നാളെ പൗരത്വ നിയമ ഭേദഗതി ഹർജിയിൽ സുപ്രിം കോടതിയിൽ ഹാജരാകാനെത്തുന്ന ചെന്നിത്തലയോട് ചർച്ചയിൽ പങ്കെടുക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപെടുകയായിരുന്നു. വര്‍ക്കിങ് പ്രസിഡന്റ്, ഉപാധ്യക്ഷന്‍, ജനറല്‍സെക്രട്ടറി എന്നീ പദവികളൽ 45 പേരെയും 30 സെക്രട്ടറിമാരേയും നിയമിക്കാനാണ് നീക്കം.

കൊടിക്കുന്നില്‍ സുരേഷ്, കെസുധാകരന്‍, പിസി വിഷ്ണുനാഥ്, വിഡി സതീശന്‍, കെവി തോമസ് എന്നിവർക്കൊപ്പം വർക്കിങ്ങ് പ്രസിഡന്റായി മുസ്ലിം പ്രതിനിധിയായി മുന്‍ എംഎല്‍എ സിപി മുഹമ്മദ് കുടി പരിഗണനയിൽ ഉണ്ട്. എംഐ ഷാനവാസിന്റെ ഒഴിവില്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കാനാണ് തീരുമാനം. കെവി തോമസ് ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാലുമായും മുകുൾ വാസ്നിക്കുമായുമുള്ള ചർച്ച തുടരുകയാണ്. സോണിയ ഗാന്ധി നാളെ വിദേശ സന്ദർശനത്തിനായി പോകുന്ന പശ്ചാത്തലത്തിൽ നാളെ തന്നെ പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം. 100 ലധികം അംഗങ്ങൾ ഉൾപെടുന്ന ജംബോ പട്ടിക തന്നെയായിരിക്കും പുറത്തിറങ്ങുക.

നേരത്തെ ജംബോ പട്ടികയിൽ അഞ്ച് വർക്കിംഗ് പ്രസിഡന്റുമാർമാർ, 10 വൈസ് പ്രസിഡണ്ടുമാർ, 30 ജനറൽ സെക്രട്ടറിമാർ, 50 സെക്രട്ടറിമാർ എന്നിങ്ങനെയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത് കൂടുതലാണെന്നും പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്നുമാണ് ഹൈക്കമാൻഡ് പറഞ്ഞത്. അതിനാൽ എണ്ണം കുറക്കണമെന്ന് ഹൈക്കമാൻഡ് കർശന നിർദേശം നൽകിയിരുന്നു.

Story Highlights: KPCCനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More