ഓസ്ട്രേലിയൻ കാട്ടു തീ ദുരിതാശ്വാസ മത്സരം; പോണ്ടിംഗിനെ സച്ചിൻ പരിശീലിപ്പിക്കും

ഓസ്ട്രേലിയൻ കാട്ടുതീയിൽ പെട്ടവരെ സഹായിക്കാനുള്ള ദുരിതാശ്വാസ മത്സരത്തിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് പരിശീലകൻ്റെ റോൾ. മത്സരത്തിൽ പോണ്ടിംഗിൻ്റെ ടീമിനെയാണ് സച്ചിൻ പരിശീലിപ്പിക്കുക. പോണ്ടിംഗിന് എതിരാളികളായെത്തുന്ന ഷെയിൻ വോണിൻ്റെ ടീമിനെ മുൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസം കോട്നി വാൽഷും പരിശീലിപ്പിക്കും.
ബിഗ് ബാഷ് ഫൈനലിനോടനുബന്ധിച്ച് ഈ മത്സരം നടത്താണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൻ്റെ ലക്ഷ്യം. ഫെബ്രുവരി എട്ടിനാവും മത്സരം. ജനുവരി 31ന് നടക്കുന്ന ബിബിഎൽ ക്വാളിഫൈയർ മത്സരങ്ങൾ കഴിഞ്ഞാൽ മാത്രമേ മത്സരത്തിന് വേദി തീരുമാനമാവുകയുള്ളു. റിക്കി പോണ്ടിംഗ്, ഷെയിൻ വോൺ എന്നിവർക്കൊപ്പം മുൻ ഓസ്‌ട്രേലിയൻ താരങ്ങളായ ആദം ഗിൽക്രിസ്റ്റ്, ജസ്റ്റിൻ ലാങ്ങർ, ബ്രെറ്റ് ലി, ഷെയിൻ വാട്സൺ, സ്റ്റീവ് വോ, മൈക്കൽ ക്ലാർക്ക് തുടങ്ങിയവരും മത്സരത്തിൽ പങ്കെടുക്കും.
നേരത്തെ ഷെയിൻ വോൺ തൻ്റെ ബാഗി ഗ്രീൻ തൊപ്പി ലേലത്തിൽ വെച്ച് ലഭിച്ച തുക ദുരിതാശ്വാസത്തിനു കൈമാറിയിരുന്നു. വോൺ ടെസ്റ്റ് ടീമിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ ധരിച്ച തൊപ്പിക്ക് റെക്കോർഡ് തുകയാണ് ലഭിച്ചത്.
പടർന്നുപിടിച്ച കാട്ടുതീയിൽ 28 പേർക്ക് ജീവൻ നഷ്ടമാകുകയും ആയിരക്കണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വീട് വിട്ട് മറ്റിടങ്ങളിലേയ്ക്ക് പലായനം ചെയ്തത്. അതിനുമപ്പുറമായിരുന്നു ജീവി വർഗങ്ങൾക്കുണ്ടായ നാശം. 20000ലധികം കൊവാലകളും ഒട്ടേറെ കംഗാരുക്കളും തീപ്പിടുത്തതിൽ ജീവൻ വെടിഞ്ഞിരുന്നു.
Story Highlights: Australia Bush fire, Cricket, Sachin Tendulkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here