പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളെ എന്‍ഐഎയുടെ കസ്റ്റഡിയിൽ വിട്ടു

പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎയുടെ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിൽ വിട്ടുനൽകണമെന്ന എന്‍ഐഎയുടെ അപേക്ഷയിലാണ് നടപടി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കാനും നിർദേശമുണ്ട്.
ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ അലനെയും താഹയെയും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നുമാണ് എന്‍ഐഎ കസ്റ്റഡിയപേക്ഷയില്‍ ആവശ്യപ്പെട്ടത്. ഏഴു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നൽകണമെന്നായിരുന്നു അപേക്ഷ. എന്നാല്‍ പ്രതികള്‍ക്കെതിരെ പുതിയ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ കസ്റ്റഡി അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി പ്രതികളെ എന്‍ഐഎയുടെ കസ്റ്റഡിയിൽ വിട്ടത്. എത്ര ദിവസത്തേയ്ക്ക് കസ്റ്റഡി അനുവദിക്കണമെന്ന് കോടതി നാളെ തീരുമാനിക്കും.
നേരത്തെ, പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതികളുടെ വീടുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ താഹയുടെ വീട്ടിലെത്തിയ ചെന്നിത്തല ബന്ധുക്കളെ കണ്ട് കേസിന്റെ വിശദാംശങ്ങൾ തിരക്കി. മനുഷ്യാവകാശ പ്രശ്‌നമായതിനാലാണ് കേസിൽ ഇടപെടുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
അടുത്ത ദിവസം ചേരുന്ന യുഡിഎഫ് യോഗത്തിൽ കേസിൽ ഏത് തരത്തിലുള്ള ഇടപെടലാണ് വേണ്ടെതെന്ന കാര്യത്തിൽ തീരുമാനം എടുക്കും. അലനും താഹക്കുംമേൽ യുഎപിഎ ചുമത്തിയതിന് യുഡിഎഫ് തുടക്കം മുതൽ എതിരായിരുന്നു. മതിയായ തെളിവുകൾ ഇല്ലാതെ ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയത് അംഗീകരിക്കാൻ അവില്ലെന്ന നിലപാടിലായിരുന്നു യുഡിഎഫ്. കഴിഞ്ഞ നിയസഭാ കാലയളവിൽ വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തികഞ്ഞ ആത്മവിശ്വാസത്തിൽ അലനും താഹയും കോടതി വളപ്പിൽ വച്ച് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് യുഡിഎഫ് ഈ വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ കഴിഞ്ഞ ദിവസം പറഞ്ഞു.
Story Highlights: UAPA, NIA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here