രഞ്ജി ട്രോഫി; കേരളത്തിന് തരം താഴ്ത്തൽ ഭീഷണി

രഞ്ജി ട്രോഫിയിൽ കേരളത്തിന് തരം താഴ്ത്തൽ ഭീഷണി. ഡേവ് വാട്ട്മോർ പരിശീലകനായതിനു ശേഷം ഇതാദ്യമായാണ് കേരളം ആഭ്യന്തര മത്സരങ്ങളിൽ ഇത്ര ദയനീയ പ്രകടനം നടത്തുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം നടത്തിയ കേരളം നോക്കൗട്ട് റൗണ്ടിൽ എത്തി ചരിത്രം സൃഷ്ടിച്ചു. 2017-18 സീസണിൽ ചരിത്രത്തിലാദ്യമായി ക്വാർട്ടർ കളിച്ച കേരളം കഴിഞ്ഞ സീസണിൽ സെമി കളിച്ചു. എന്നാൽ ഇക്കൊല്ലം എലീറ്റ് ഗ്രൂപ്പിൽ നിന്ന് പുറത്താകുമെന്ന ഭീഷണിയിലാണ് കേരളം ഉള്ളത്.
ഇതുവരെ ആറു മത്സരങ്ങൾ കളിച്ച കേരളം ഒരേയൊരു മത്സരമാണ് ജയിച്ചത്. നാലു മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരെണ്ണം സമനിലയായി. ഇനി രണ്ട് കളികൾ കൂടി ബാക്കിയുള്ള കേരളം രണ്ടിലും വിജയിച്ചില്ലെങ്കിൽ എലീറ്റ് എ–ബി ഗ്രൂപ്പിൽ നിന്ന് സി–ഡി ഗ്രൂപ്പിലേക്ക് തരം താഴ്ത്തപ്പെടും. പട്ടികയിൽ അവസാനമുള്ള രണ്ട് ടീമുകളെയാണ് തരം താഴ്ത്തുക. നിലവിൽ കേരളത്തിനു പിന്നിൽ മുംബൈയും ഹൈദരാബാദും മാത്രമാണുള്ളത്. പക്ഷേ, മുംബൈ നാലു മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. എലീറ്റ് ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായിരുന്ന രാജസ്ഥാൻ പോലും കേരളത്തിനു മുന്നിലാണ്.
ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിക്കൽ നിർബന്ധമാണെങ്കിലും അത് തീരെ എളുപ്പമല്ല. രണ്ട് എവേ മാച്ചുകളാണ് കേരളത്തിനു കളിക്കേണ്ടത്. ഒന്നാം സ്ഥാനത്തുള്ള ആന്ധ്രയും നാലാമതുള്ള വിദർഭയുമാണ് ഈ മത്സരങ്ങളിൽ കേരളത്തെ എതിരിടുക. കഴിഞ്ഞ രണ്ട് സീസണുകളിലും നോക്കൗട്ട് റൗണ്ടിൽ കേരളത്തെ വിദർഭ തോല്പിച്ചു എന്നതു കൂടി ഇതിനോട് ചേർത്തു വായിക്കണം.
പരുക്കും ഫോമില്ലായ്മയുമാണ് ഇക്കുറി കേരളത്തെ വലച്ചത്. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച റോബിൻ ഉത്തപ്പ നിറം മങ്ങിയത് കനത്ത തിരിച്ചടിയായി. ഒപ്പം, സഞ്ജു സാംസണിൻ്റെ അഭാവവും കേരളത്തെ വലച്ചു. പോയ സീസണുകളിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ സന്ദീപ് വാരിയരും ബേസിൽ തമ്പിയും ഇക്കുറി നിറം മങ്ങിയതും നമുക്ക് തിരിച്ചടിയായി. ഏറെ വിശ്വസ്തനായ ക്യാപ്റ്റൻ സച്ചിൻ ബേബി ഉൾപ്പെടുന്ന ബാറ്റിംഗ് നിര കഴിഞ്ഞ സീസണുകളുടെ നിഴൽ മാത്രമാണ്.
Story Highlights: Ranji Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here