Advertisement

സര്‍ക്കാരുകളുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുള്ള ഗവര്‍ണര്‍മാര്‍ ഇവരാണ്

January 22, 2020
Google News 1 minute Read

സംസ്ഥാനത്ത് വീണ്ടും ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിന് വഴിതുറന്ന് നയപ്രഖ്യാപനം വരുന്നു. 29 ന് നിയമസഭയുടെ ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കുക. പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചതും സഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതും നയപ്രഖ്യാപനത്തിലുണ്ട്.

സംസ്ഥാനത്ത് എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെച്ചതും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലുണ്ട്. അനുമതിയില്ലാതെ സുപ്രിം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയില്‍ അമര്‍ഷമുള്ള ഗവര്‍ണര്‍ ഈ നയപ്രഖ്യാപനം തിരിച്ചയക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. തിരിച്ചയച്ചാലും ഒരു വരി പോലും വെട്ടാതെ അതേ നയപ്രഖ്യാപനം വീണ്ടും ഗവര്‍ണര്‍ക്ക് കൈമാറാനാണ് മന്ത്രിസഭാ തീരുമാനം.

സര്‍ക്കാര്‍ വീണ്ടും കൈമാറിയാല്‍ നയപ്രഖ്യാപനം തിരുത്താന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. എന്നാല്‍ വിവാദ ഭാഗങ്ങള്‍ സഭയില്‍ വായിക്കാതെ ഗവര്‍ണര്‍ക്ക് വിട്ടു കളയാം. ഇത്തരത്തില്‍ മുന്‍പും പല ഗവര്‍ണര്‍മാരും സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കിയ ഗവര്‍ണര്‍മാര്‍ ഇവരാണ്

ധര്‍മവീര

സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ആദ്യമായി ഒഴിവാക്കിയത് ബംഗാള്‍ ഗവര്‍ണറായിരുന്ന ധര്‍മവീരയാണ്. 1969 മാര്‍ച്ച് ആറിനായിരുന്നു ഈ സംഭവം. കേന്ദ്രസര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരായ രണ്ട് ഖണ്ഡിക അദ്ദേഹം ഒഴിവാക്കി.

ജ്യോതി വെങ്കിടാചലം

1982 ല്‍ കേരളത്തിന്റെ ഗവര്‍ണറായിരുന്ന ജ്യോതി വെങ്കിടാചലം കെ കരുണാകരന്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ നിയമസഭ വിട്ടു.

സുഖ്‌ദേവ് സിംഗ് കാംഗ്

2001 ല്‍ കേരളത്തില്‍ ഗവര്‍ണറായിരുന്ന സുഖ്‌ദേവ് സിംഗ് കാംഗ് മുന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുള്ള ഖണ്ഡിക വിട്ടുകളഞ്ഞു.

എച്ച് ആര്‍ ഭരദ്വാജ്

2012, 2013 കാലഘട്ടത്തില്‍ കേരളത്തില്‍ ഗവര്‍ണറായിരുന്ന എച്ച് ആര്‍ ഭരദ്വാജ് രണ്ടു തവണയും നാലു ഖണ്ഡിക വീതം പ്രസംഗത്തില്‍ നിന്നൊഴിവാക്കി.

തഥാഗത റോയ്

2017 ല്‍ ത്രിപുരയില്‍ ഗവര്‍ണറായിരുന്ന തഥാഗത റോയ് നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം ഒഴിവാക്കി.

പി സദാശിവം

2018 ല്‍ കേരളത്തില്‍ ഗവര്‍ണറായിരുന്ന പി സദാശിവം കേന്ദ്ര വിരുദ്ധ പരാമര്‍ശങ്ങളില്‍ ചിലത് നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കി.

Story highlights: kerala governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here