‘യുഎപിഎ പ്രശ്‌നത്തിൽ സർക്കാരിനും പാർട്ടിക്കും ഒരേ അഭിപ്രായം, പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു’: പി മോഹനൻ

പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പറഞ്ഞ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. യുഎപിഎ പ്രശ്‌നത്തിൽ സർക്കാരിനും പാർട്ടിക്കും ഒരേ അഭിപ്രായമാണ്. തന്റെ വാക്കുകൾ വളച്ചൊടിച്ച് വിവാദം സൃഷ്ടിക്കാനുള്ള ചില മാധ്യമങ്ങളുടെ താത്പര്യം എല്ലാവരും മനസിലാക്കണമെന്നും മോഹനൻ പത്രക്കുറിപ്പിൽ പറഞ്ഞു.
യുഎപിഎ കേസുകൾ അതിന്റെ പരിശോധനാ സമിതിയുടെ മുമ്പിലെത്തുമ്പോൾ ഒഴിവാക്കപ്പെടണമെന്നാണ് പാർട്ടിയും സർക്കാരും നേരത്തേ വ്യക്തമാക്കിയത്. അലനും താഹയ്ക്കുമെതിരായി ചുമത്തിയ കേസിൽ ഇതേ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മർദം മൂലമാണ് അലൻ-താഹ കേസ് എൻഐഎ ഏറ്റെടുത്തതെന്നും മോഹനൻ വ്യക്തമാക്കി. യുഎപിഎ കേസിൽ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മോഹനൻ രംഗത്തെത്തിയത്.
read also: പന്തീരാങ്കാവ് യുഎപിഎ കേസ്: മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
അലനേയും താഹയേയും പാർട്ടി ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും പാർട്ടി ഈ വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നുമായിരുന്നു മോഹനന്റെ മുൻ പ്രസ്താവന. മുഖ്യമന്ത്രി പറയുന്നത് പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്. അലന്റേയും താഹയുടേയും കുടുംബത്തിന്റെ പ്രശ്നങ്ങൾ ഗൗരവതരമാണ്. അവരുടെ പരാതികൾ പരിഹരിക്കാൻ സിപിഐഎം മുന്നിട്ടിറങ്ങുമെന്നും മോഹനൻ പറഞ്ഞിരുന്നു.
Story Highlights: Pantheerankavu UPA case, p mohanan, alan shuhaib, thaha fazal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here