Advertisement

കൊറോണ വൈറസ്: വന്മതിൽ അടച്ചു; നഗരങ്ങൾ വിജനം; ചൈനയിൽ ആശങ്ക

January 24, 2020
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്ത് പടർന്നു പിടിച്ച കൊറോണ വൈറസിൽ ചൈന ഉലയുന്നു. നഗരങ്ങൾ ഇറങ്ങുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിരത്തുകൾ വിജനമാണ്. വന്മതിൽ അടച്ചു. പലയിടത്തും പൊതുഗതാഗതം നിര്‍ത്തിവച്ചു. ഓഫീസുകളും സ്കൂളുകളും അടക്കമുള്ള സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു. രോഗം ആദ്യം കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ അടിയന്തരാവസ്ഥയാണ്.

തലസ്ഥാനമായ ബീജിങിനോട് ചേർന്ന വന്മതിലിൻ്റെ ഭാഗമാണ് അനിശ്ചിത കാലത്തേക്ക് അടച്ചത്. അടുത്തിടെ പുനർ നിർമ്മിച്ച ബദാലിങ് മേഖലയില്‍ കഴിഞ്ഞ കുറച്ചു കാലമായി വൻ തോതിൽ സന്ദര്‍ശകര്‍ എത്തിയിരുന്നു. എന്നാൽ കൊറോണ ഭീഷണിയായ സാഹചര്യത്തിൽ ഇവിടേക്കുള്ള പ്രവേശനവും തടഞ്ഞു. ബീജിങ്ങിലും ഷാങ്‌ഹായിലുമാണ് പുറത്തിറങ്ങുന്നതിന് നിയന്ത്രണമുള്ളത്. വൈറസ് ബാധയുള്ള മേഖലകളിൽ നിന്ന് വരുന്നവരോട് അടുത്ത 14 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.

ഹോങ്കോങിലെ ആശുപത്രികൾ നിറഞ്ഞുകവിയുകയാണ്. 97 ശതമാനം കിടക്കകളിലും രോഗികളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല വിദേശ രാജ്യങ്ങളും ചൈനയിലേക്കുള്ള യാത്ര വിലക്കി. ചൈനയോടൊപ്പം ജപ്പാന്‍, തായ്‌ലാന്റ്, ദക്ഷിണ കൊറിയ, അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കേരളത്തിൽ രണ്ടു പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്.

ആദ്യം രോഗബാധ സ്ഥിരീകരിച്ച വുഹാനില്‍ 1000 കിടക്കകളുള്ള ആശുപത്രി യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കാൻ ചൈനീസ് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ 25000 ചതുരശ്ര അടിയിൽ ആശുപത്രി ഒരുക്കുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്ന് മുതല്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കും. വുഹാനിലേക്കുള്ള എയര്‍ ഏഷ്യ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

830 പേർക്കാണ് ചൈനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിൽ 26 പേർ മരണപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 31നാണ് ഈ അജ്ഞാത വൈറസിനെ കുറിച്ച് ചൈനീസ് അധികൃതര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. കൃത്യമായ മരുന്നുകളും വാക്‌സിനും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ വൈറസ് വലിയ അപകടകാരിയായി മാറിയേക്കാം എന്ന് സംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Story Highlights: Corona Virus, China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement