പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ജോർജ് സോറോസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രമുഖ അമേരിക്കൻ വ്യവസായിയും നിക്ഷേപകനുമായ ജോർജ് സോറോസ്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം നിർമിക്കാൻ ശ്രമിക്കുകയാണെന്ന് ജോർജ് സോറോസ് കുറ്റപ്പെടുത്തി. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതയെക്കുറിച്ച് സംസാരിച്ചപ്പോൾ ഉദാഹരണമായി സോറോസ് ചൂണ്ടിക്കാട്ടിയത് ഇന്ത്യയെയാണ്. ദേശീയത തീവ്രമാകുന്നതിനുള്ള വലുതും ഭയപ്പെടുത്തുന്നതിനുള്ള ഉദാഹരണം ഇന്ത്യയാണെന്നും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മോദി സർക്കാർ ഇന്ത്യയിൽ ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നുവെന്നും സോറോസ് വിമർശിച്ചു. ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദ് ചെയ്തത് മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയാണെന്നും അദ്ദേഹം ആരോപിച്ചു.
മാത്രമല്ല, ലോകം തനിക്ക് ചുറ്റുമാകണമെന്ന കാപട്യം നിറഞ്ഞതും നാർസിസിസ്റ്റുമാണ് ട്രംപെന്നും ചൈനീസ് ജനതയ്ക്കു മേൽ സമ്പൂർണ ആധിപത്യം നേടാൻ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുകയായിരുന്നു ഷീ ജിൻപിങ് എന്നും ജോർജ് സോറോസ് കുറ്റപ്പെടുത്തി. സോറോസ് ഫണ്ട് മാനേജ്‌മെന്റിന്റെ അധ്യക്ഷനായ അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നരായ മുപ്പത് പേരിൽ ഒരാളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here