Advertisement

അണ്ടർ-19 ലോകകപ്പ്: സ്പിന്നർമാർ തുണച്ചു; ഇന്ത്യൻ കുട്ടികൾക്ക് തുടർച്ചയായ മൂന്നാം ജയം

January 24, 2020
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കരുത്തരായ ന്യൂസിലൻഡിനെ 44 റൺസിനാണ് ഇന്ത്യ തോല്പിച്ചത്. മഴ മൂലം 23 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 115 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡ് 147 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കായി രവി ബിഷ്ണോയ് നാലും അഥർവ അങ്കോൾകർ മൂന്നും വിക്കറ്റുകൾ വീതം വീഴ്ത്തി. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലെത്തി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സുഗമമായി മുന്നോട്ടു പോവുന്നതിനിടെയാണ് മഴ വില്ലനായത്. 21ആം ഓവർ അവസാനിക്കുമ്പോളാണ് മഴ പെയ്തത്. മഴ മാറിയതോടെ മത്സരം 23 ഓവറാക്കി പുനർനിർണയിച്ചു. 23 ഓവറിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ നേടിയത് 115 റൺസ്. ഓപ്പണർമാരായ യശസ്വി ജെയ്സ്‌വാളും (57) ദിവ്യാൻഷ് സക്സേനയും (52) ഇന്ത്യക്കായി അർധസെഞ്ചുറികൾ നേടി. ഡക്ക്‌വർത്ത്-ലൂയിസ് നിയമപ്രകാരം ന്യൂസിലൻഡിൻ്റെ ലക്ഷ്യം 23 ഓവറിൽ 192 റൺസ് ആക്കി നിശ്ചയിച്ചു.

മറുപടി ബാറ്റിംഗിൽ ഗംഭീരമായാണ് കിവീസ് തുടങ്ങിയത്. പന്തെറിഞ്ഞ പേസ് ബൗളർമാരെല്ലാം തല്ലു വാങ്ങി. 5.3 ഓവറിൽ സ്കോർ ബോർഡിൽ 53 റൺസ് ആയപ്പോഴാണ് കിവികളുടെ ആദ്യ വിക്കറ്റ് വീണത്. 14 റൺസെടുത്ത ഒല്ലി വൈറ്റിനെ ലെഗ് ബ്രേക്ക് ബൗളറായ രവി ബിഷ്ണോയുടെ പന്തിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ സ്റ്റമ്പ് ചെയ്തു. മൂന്നാം നമ്പറിൽ ഇറങ്ങിയ ഫെർഗൂസ് ലെൽമാനും കൂറ്റനടി തുടർന്നു. 8.4 ഓവറിൽ 83 റൺസിൽ നിൽക്കെ ന്യൂസിലൻഡിൻ്റെ രണ്ടാം വിക്കറ്റ് വീണു. ഒല്ലിയുടെ സഹ ഓപ്പണർ റിസ് മറിയുവിനെ അങ്കോൾക്കറിൻ്റെ പന്തിൽ കാർത്തിക് ത്യാഗി പിടികൂടി. 31 പന്തുകളിൽ 42 റൺസെടുത്താണ് മറിയു മടങ്ങിയത്.

പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണു. ഓപ്പണർമാർക്കൊപ്പം ഫെർഗൂസ് ലെൽമാൻ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ രണ്ടക്കം കടന്നത്. 19 പന്തുകളിൽ 31 റൺസെടുത്ത ലെൽമാനെ അങ്കോൾക്കർ ക്ലീൻ ബൗൾഡാക്കി. നിക്കോളാസ് ലിഡ്സ്റ്റോൺ (8) അങ്കോൾക്കറിനു മുന്നിൽ ലെഗ് ബിഫോർ വിക്കറ്റായി മടങ്ങി. ക്യാപ്റ്റൻ ജെസ്സെ താഷ്കോഫിനെ സുഷാന്ത് മിശ്ര ക്യാപ്റ്റൻ പ്രിയം ഗാർഗിൻ്റെ കൈകളിൽ എത്തിച്ചു. പിന്നീട് രവി ബിഷ്ണോയ് ഷോ ആയിരുന്നു.

18ആം ഓവറിൽ ബിഷ്ണോയ് നേടിയത് മൂന്നു വിക്കറ്റുകളായിരുന്നു. ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ പൊമാർ (2) ക്ലീൻ ബൗൾഡായി. മൂന്നാം പന്തിൽ ഹെയ്ഡൻ ഡിക്സണെ (0) ധ്രുവ് ജുറെൽ സ്റ്റമ്പ് ചെയ്തു. അവസാന പന്തിൽ ബെഖം വീലറിനെ അസാമാന്യ ക്യാച്ചിലൂടെ ആകാശ് സിംഗ് പുറത്താക്കി. 21ആം ഓവറിലെ ആദ്യ പന്തിൽ ആദിത്യ അശോകിനെ (6) യോർക്കറിലൂടെ ക്ലീൻ ബൗൾഡാക്കിയ കാർതിക് ത്യാഗിയും വിക്കറ്റ് കോളത്തിൽ ഇടം നേടി. ഓവറിലെ അവസാന പന്തിൽ ഡേവിഡ് ഹാങ്കോക്ക് (5) പ്രിയം ഗാർഗിൻ്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി.

28ന് ഓസ്ട്രേലിയക്കെതിരെ സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനലാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story Highlighst: india, new zealand, u-19 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement