കൊറോണ; സംസ്ഥാനത്ത് മൂന്നു പേർ ഐസൊലേഷൻ വാർഡുകളിൽ ഉണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്ന് പേരാണ് ഐസൊലേഷൻ വാർഡുകളിലുള്ളതെന്ന് ആരോഗ്യമന്ത്രി. കഴിഞ്ഞ ദിവസം ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചവരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പരിശോധന തുടരുകയാണ്.
ചൈനയിലെ വുഹാനിൽ നിന്ന് എറണാകുളത്തെത്തിയ ഒരു വിദ്യാർത്ഥിയെ കൂടി രോഗബാധ സംശയിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതോടെ ഐസൊലേഷൻ വാർഡുകളിലുള്ളവരുടെ എണ്ണം മൂന്നായി. പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. മറ്റൊരാൾ തിരുവനന്തപുരത്താണ്. ഇവരുടെ ശരീരസ്രവങ്ങളുടെ സാമ്പിളുകൾ പുനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള മലയാളികളെ കേരളത്തിലേക്ക് മാറ്റുന്നത് സുരക്ഷിതമല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നോർക്ക വഴി അതാത് സ്ഥലങ്ങളിൽ തന്നെ ഇതിനുള്ള സൗകര്യമൊരുക്കും. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മറ്റ് 14 പേരാണ് വീടുകളിലും വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. മുൻകരുതലിന്റെ ഭാഗമായാണ് പരിശോധനകളെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ചൈനയിൽ നിന്ന് എത്തുന്ന എല്ലാവരെയും കർശനമായി നിരീക്ഷിക്കാനാണ് നിർദ്ദേശം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇതിനായി പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
അതേ സമയം, കൊറോണ വൈറസ് ബാധയേറ്റ് ചൈനയിൽ 41 പേരാണ് മരണമടഞ്ഞത്. നഗരങ്ങൾ ഇറങ്ങുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിരത്തുകൾ വിജനമാണ്. വന്മതിൽ അടച്ചു. പലയിടത്തും പൊതുഗതാഗതം നിര്‍ത്തിവച്ചു. ഓഫീസുകളും സ്കൂളുകളും അടക്കമുള്ള സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു. രോഗം ആദ്യം കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ അടിയന്തരാവസ്ഥയാണ്.
ഹോങ്കോങിലെ ആശുപത്രികൾ നിറഞ്ഞുകവിയുകയാണ്. 97 ശതമാനം കിടക്കകളിലും രോഗികളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല വിദേശ രാജ്യങ്ങളും ചൈനയിലേക്കുള്ള യാത്ര വിലക്കി.
കഴിഞ്ഞ ഡിസംബര്‍ 31നാണ് ഈ അജ്ഞാത വൈറസിനെ കുറിച്ച് ചൈനീസ് അധികൃതര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. കൃത്യമായ മരുന്നുകളും വാക്‌സിനും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ വൈറസ് വലിയ അപകടകാരിയായി മാറിയേക്കാം എന്ന് സംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
Story Highlights: Corona Virus, KK Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here