മത്സരത്തിനിടെ പോരു കോഴി ആക്രമിച്ചു; കാഴ്ചക്കാരന് ദാരുണ മരണം

കോഴിപ്പോര് മത്സരത്തിനിടെ പോരു കോഴി ആക്രമിച്ച കാഴ്ചക്കാരന് ദാരുണ മരണം. കോഴിയുടെ കാലിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് ബ്ലേഡ് കൊണ്ട് മാരകമായി മുറിവേറ്റാണ് ഇയാൾ മരണപ്പെട്ടത്. ആന്ധ്രാപ്രദേശിലാണ് സംഭവം.
സരിപല്ലി വെങ്കിടേശ്വര റാവു എന്ന 55കാരനാണ് മരണപ്പെട്ടത്. ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഘാടകരിൽ ഒരാൾ കോഴിയെ പിടിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. പോരുകളത്തിലേക്ക് ഇറക്കി വിടാനുള്ള തയ്യാറെടുപ്പിനിടെ കോഴി ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു. നിലത്തേക്ക് പറന്നിറങ്ങുന്നതിനിടെ സമീപത്ത് നിന്ന ഇയാളെ കോഴി മാന്തി ആഴത്തിൽ മുറിവേല്പിക്കുകയായിരുന്നു.
1960ലെ നിയമപ്രകാരം ഇന്ത്യയിൽ സുപ്രീം കോടതി നിരോധിച്ചുവെങ്കിലും ഇപ്പോഴും രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കോഴിപ്പോര് നടക്കുന്നുണ്ട്. മകര സംക്രാന്തിയോടനുബന്ധിച്ചാണ് കൂടുതലും കോഴിപ്പോര് നടക്കുക. കാലിൽ ബ്ലേഡുകൾ കെട്ടിവെച്ച കോഴികളാണ് പരസ്പരം പോരടിക്കുക. കോഴികളിൽ ഒന്നിന് ഗുരുതര പരുക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്നതു വരെ പോര് തുടരും. കോഴിപ്പോരിനിടെ നിരവധി ആളുകൾക്ക് പരുക്കേറ്റ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മരണം ആദ്യമായാണ്.
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം നൽകി ഈ കോഴികളെ പോരിനായി വളർത്തിയെടുക്കാറാണ് പതിവ്. ആൻ്റിബയോട്ടിക്കുകളും സ്റ്റെറോയിഡുകളും നൽകി ഇവരെ കരുത്തരാക്കുകയും ചെയ്യും. കോഴിപ്പോരിനോടനുബന്ധിച്ച് ചൂതാട്ടവും നടക്കാറുണ്ട്.
Story Highlights: Cockfighting, Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here