റിപ്പബ്ലിക്ക് ദിനാഘോഷം; അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി

റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബൊൾസൊനാരോയ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. ത്രിതല സുരക്ഷാ സംവിധാനമാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.
ബ്രസീലിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായകരമാകുമെന്ന് മോദി പറഞ്ഞു. പതിനൊന്ന് കരാറുകൾ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെക്കുകയും ചെയ്തു.
വ്യാഴാഴ്ച പരേഡിന്റെ ഫുൾ ഡ്രസ് റിഹേഴ്സൽ പൂർത്തിയായിരുന്നു. ഇന്ന് അവസാന വട്ട ഒരുക്കങ്ങളും പൂർത്തിയായി. ഇത്തവണ പരേഡിൽ മലയാളി സാന്നിധ്യം ഏറെയാണ്. പരേഡിന് തുടക്കം കുറിക്കുന്ന ആചാര വെടി മുഴക്കുന്നതിന് നേതൃത്വം നൽകുന്നത് മലപ്പുറം സ്വദേശി ലഫ്. കേണൽ സി സന്ദീപാണ്. നാവിക സേനയുടെ ബാന്റ് സംഘത്തെ നയിക്കുന്നത് മേജർ ഡ്രമ്മർ വിൻസന്റ് ജോൺസനും ആണ്.
പരേഡ് നടക്കുന്ന രാജ്പഥിൽ നിന്ന് ചെങ്കോട്ടയിലേക്കുള്ള 8 കി.മി ദൂരത്തിൽ ഉന്നം പിഴക്കാതെ വെടി ഉതിർക്കാൻ കഴിയുന്ന പ്രത്യേക വൈദഗ്ധ്യമുള്ള സൈനികരെ വിന്യസിച്ചു. സുരക്ഷയ്ക്കായി ഡൽഹി പൊലീസ് അധികമായി ഇരുപതിനായിരത്തിൽ പരം ഉദ്യോഗസ്ഥരെയും നിയോഗിച്ചു. വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും കർശന പരിശോധനകൾക്ക് ശേഷമാണ് ആളുകളെ കടത്തിവിടുന്നത്. അതിർത്തിയിലും സേന അതീവ ജാഗ്രതയിലാണ്.
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കറുത്ത തൊപ്പി ധരിച്ചെത്തുന്നത് വിലക്കിയിട്ടുണ്ട്. 150ലധികം സിസിടിവി ക്യാമറകളാണ് ചാന്ദിനി ചൗക്ക്, ചെങ്കോട്ട തുടങ്ങിയ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷനുകളിലും സുരക്ഷാ ഉദ്യോസ്ഥരുടെ എണ്ണം ഇരട്ടിയാക്കി.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിംഗ് ദ റിട്രീറ്റിലെ മഹാത്മാഗാന്ധിയുടെ പ്രിയ ഗാനം അബൈഡ് വിത്ത് മീ ഇത്തവണത്തെ ബീറ്റിംഗ് ദ റിട്രീറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. വന്ദേമാതരം അടക്കമുള്ള കൂടുതൽ ഇന്ത്യൻ സംഗീതം ഉൾപ്പെടുത്താനാണ് നടപടിയെന്ന് പ്രതിരോധമന്ത്രാലയം വിശദികരിച്ചു.
Story Highlights: Republic Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here