ആലപ്പുഴയിൽ അനധികൃത ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നേടാൻ രണ്ടുമാസത്തെ സാവകാശം അനുവദിക്കുമെന്ന് ജില്ലാ ഭരണകൂടം

അനധികൃത ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നേടാൻ രണ്ടുമാസത്തെ സാവകാശം അനുവദിക്കുമെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം. ബോട്ടുൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ സവാരി അനുവദിക്കു. പാതിരാമണലിൽ ഹൗസ് ബോട്ട് കത്തിനശിച്ച സാഹചര്യത്തിൽ ജില്ലാ ദുരന്തനിവരാണ സമിതിയാണ് ഇത് സംബന്ധിച്ച് വിഷയം ചർച്ച ചെയ്തത്.
കഴിഞ്ഞ ദിവസം വേമ്പനാട്ട് കായലിൽ വിനോദ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീ പിടിക്കുകയും, യാത്രക്കാർ അത്ഭുതകരമായി രക്ഷപെടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഹൗസ്ബോട്ടിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും, സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും തുറമുഖവകുപ്പ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അനധികൃത ബോട്ടുകളെ കണ്ടെത്താൻ പരിശോധന കർശനമാക്കിയത്.
ആലപ്പുഴ കോട്ടയം ജില്ലകളിലായി 685 ഹൗസ് ബോട്ടുകളാണ് അനധികൃത സർവീസ് നടത്തുന്നത്. ഇവയ്ക്ക് ലൈസൻസ് നേടാൻ ഒരവസരം കൂടി നൽകണമെന്നാണ് ദുരന്ത നിവരാണ അതോറിറ്റിയുടെ ശുപാർശയും ഉടമകളുടെ ആവശ്യവും. രണ്ട് മാസത്തിനുളളിൽ നിയമ വിധേയമാകുന്ന ഹൗസ് ബോട്ടുകൾക്ക് സർവീസ് നടത്താം. അല്ലാത്തവയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
രജിസ്ട്രേഷൻ ഉറപ്പാക്കുന്നതിൽ പോർട്ട് അതോറിറ്റിക്ക് അസൗകര്യം ഉണ്ടാവുകയാണെങ്കിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം ഇടപെടും. ഹൗസ് ബോട്ടുകൾക്ക് ഗ്രേഡിംഗും ഏർപ്പെടുത്തും. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here