കിഴക്കൻ തുർക്കിയിൽ ഭൂചലനം; മരണസംഖ്യ 29 ആയി

കിഴക്കൻ തുർക്കിയിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 1100ലധികം പേർക്ക് പരുക്കേറ്റു. കാണാതായ 30 പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് ഭൂകമ്പമാപിനിയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. കിഴക്കൻ പ്രവിശ്യയായ എലാസിഗിലെ ചെറുതടാകതീര പട്ടണമായ സിവ്രിജയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മലാത്യ പ്രവിശ്യയിലും ചലനം അനുഭവപ്പെട്ടു. എലാസിഗിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് 40 പേരെ രക്ഷപ്പെടുത്തിയതായി ആഭ്യന്തരമന്ത്രി സുലൈമാൻ സൊയ്‌ലു അറിയിച്ചു. 22 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും മരണസംഖ്യ ഉയരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരുക്കേറ്റ 1103 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് ഒരു ഗർഭിണിയെ 12 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തിയതായി അനദൊലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 17 മണിക്കൂറിനുശേഷവും ചിലരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ദൃക്‌സാക്ഷികളും പറഞ്ഞു. പ്രദേശത്തേക്ക് ആയിരക്കണക്കിന് കിടക്കയും പുതപ്പും കൂടാരം നിർമിക്കാൻ ആവശ്യമായ വസ്തുക്കളും എത്തിച്ചതായി മന്ത്രി സുലൈമാൻ സൊയ്‌ലു പറഞ്ഞു. ഭൂചലനത്തിന്റെ പ്രകമ്പനം ഇറാഖ്, സിറിയൻ അതിർത്തികൾ ഇറാൻ, ലെബനൻ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.

രണ്ടായിരത്തിലധികം പേരാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുള്ളത്. കാണാതായ 30 പേർക്ക് വേണ്ടി തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. മലാത്യ പ്രവിശ്യയിൽ ആരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ഹസർ തടാകതീരത്തുള്ള സിവ്രിജ തുർക്കിയിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ അഞ്ച് കെട്ടിടങ്ങളാണ് പൂർണമായി തകർന്നത്. മറ്റ് കെട്ടിടങ്ങൾക്കും നാശമുണ്ടായി.

Story Highlights- Earthquake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top