വെള്ളാപ്പള്ളിക്കെതിരെ ‘മിഷന്‍ 90 ഡെയ്‌സ്’ പ്രഖ്യാപിച്ച് സുഭാഷ് വാസു

വെള്ളാപ്പള്ളി നടേശനും മകനും മൂന്ന് മാസത്തിനുള്ളില്‍ ജയിലിലാകുമെന്നും എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തുഷാറിനെ മാറ്റാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും സുഭാഷ് വാസു അറിയിച്ചു. കായംകുളത്ത് സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ നടന്ന വിമത സംസ്ഥാന കൗണ്‍സിലിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഡിജെഎസ് തന്റെ പാര്‍ട്ടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം തുഷാര്‍ വെള്ളാപ്പള്ളിക്ക് പ്രാഥമിക അംഗത്വം പോലും ഇല്ലെന്നും സുഭാഷ് വാസു പറയുന്നു. വെള്ളാപ്പള്ളി കുടുംബം രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബിഡിജെഎസിനെ മറയാക്കി. കോന്നി ഉപതെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനെതിരെ എസ്എന്‍ഡിപി ശാഖ യോഗങ്ങള്‍ വഴി എല്‍ഡിഎഫിന് വോട്ട് മറിച്ചുകൊടുത്തെന്നും തുഷാര്‍ വെള്ളാപ്പള്ളിയുടെ തട്ടിപ്പുകള്‍ അമിത് ഷായ്ക്കും ബിജെപി കേന്ദ്ര നേതൃത്വത്തിനും അറിയാമെന്നും സുഭാഷ് വാസു പറഞ്ഞു.
കുട്ടനാട് സീറ്റിന് അവകാശവാദം ഉന്നയിച്ച് ബിജെപിക്ക് കത്ത് നല്‍കും. ശാശ്വതീകാനന്ദയുടെ മരണത്തിനു പിന്നിലെ നിര്‍ണായക തെളിവുകള്‍ അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്നും സുഭാഷ് വാസു പറഞ്ഞു.
അതേസമയം, പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ട് പുറത്തുപോയവരാണ് സുഭാഷ് വാസുവിന് ഒപ്പം സമാന്തര യോഗത്തില്‍ പങ്കെടുത്തതെന്ന് ബിഡിജെഎസ് ഔദ്യോഗിക വിഭാഗം പ്രതികരിച്ചു. സമാന്തര യോഗം കൂടി വിളിച്ച സാഹചര്യത്തില്‍ മൈക്രോഫിനാന്‍സ് കേസില്‍ അടക്കം സുഭാഷ് വാസുവിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങള്‍ തുഷാര്‍ വെള്ളാപ്പള്ളിയും സജീവമാക്കിയിട്ടുണ്ട്.
Story Highlights: subhash vasu, BDJS,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here