‘ബിജെപി പാകിസ്താന്റെ ബ്രാൻഡ് അംബാസിഡർ’; സിഎഎക്കെതിരായ പ്രമേയം പാസാക്കി പശ്ചിമ ബംഗാളും

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ. കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കു ശേഷം സിഎഎക്കെതിരെ പ്രമേയം പാസാക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. തൃണമൂൽ എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്.

“ബംഗാളിൽ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ അനുവദിക്കില്ല. ജനങ്ങൾക്ക് രാജ്യം വിടേണ്ടി വരുമോ എന്ന ഭയമുണ്ട്. വിവിധ തരം കാർഡുകൾക്കു വേണ്ടി അവർ ക്യൂ നിൽക്കുകയാണ്. ഉടൻ ഈ നിയമം പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.”- സംസ്ഥാന നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ മമത ബാനർജി പറഞ്ഞു.

ബിജെപിക്കെതിരെ രൂക്ഷമായ വിമർശനമാണ് മമത ഉന്നയിച്ചത്. ‘പാകിസ്താൻ്റെ ബ്രാൻഡ് അംബാസിഡർ’ എന്നാണ് മമത ബിജെപിയെ വിശേഷിപ്പിച്ചത്.

കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബർ 31 ന് കേരള നിയമസഭ പ്രത്യേക സമ്മേളനം ചേർന്ന് പ്രമേയം പാസാക്കിയിരുന്നു. ഈ വിഷയത്തിൽ ജനുവരി 14 ന് കേരളം സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജനുവരി 17ന് പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ പ്രമേയം പാസാക്കിയത്.

അതേ സമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പറഞ്ഞിരുന്നു. ഇന്ത്യന്‍ ഭരണഘടന പൊളിച്ച് എഴുതാനുള്ള നീക്കമാണ് നടക്കുന്നത്. എല്‍ഡിഎഫ്-യുഡിഫ് എന്ന രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍എസ്എസിന് എതിരെ നിലപാടുള്ള എല്ലാവരും ഒന്നിക്കണമെന്നും എകെ ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

Story Highlights: BJP, Mamta Banarjee, West Bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More