ലോകകപ്പ് ടീമിൽ ഏറെ മാറ്റങ്ങളുണ്ടാവില്ലെന്ന് ബാറ്റിംഗ് കോച്ച്; ധോണിയുടെ മടങ്ങി വരവ് ശ്രമങ്ങൾക്ക് തിരിച്ചടി

ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താനുള്ള മുൻ നായകൻ എംഎസ് ധോണിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡിൻ്റെ വെളിപ്പെടുത്തൽ. ഇക്കൊല്ലം ഓസ്ട്രേലിയയിൽ നടക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്ന് റാത്തോഡ് പറഞ്ഞു. ഇതോടെ ഋഷഭ് പന്തിൻ്റെ മോശം ഫോം കണക്കിലെടുത്ത് ടീമിലെത്താമെന്ന ധോണിയുടെ പ്രതീക്ഷക്കാണ് മങ്ങലേറ്റത്.
“ലോകകപ്പിനു തൊട്ടുമുമ്പ് വരെ പരീക്ഷണങ്ങള്‍ തുടരുക തന്നെ ചെയ്യും. എന്നാല്‍ എന്നെ സംബന്ധിച്ചും, ടീം മാനേജ്‌മെന്റിനെ സംബന്ധിച്ചും ലോകകപ്പില്‍ ആരൊക്കെയുണ്ടാവണമെന്ന കാര്യത്തില്‍ ധാരണയായിക്കഴിഞ്ഞു. എങ്ങനെയായിരിക്കും ലോകകപ്പിനുള്ള ടീമെന്നു ഞങ്ങള്‍ക്കു നല്ല ബോധ്യമുണ്ട്. പരിക്കോ, അല്ലെങ്കില്‍ മോശം ഫോമോ ഉണ്ടായാല്‍ മാത്രമേ ഇനി ടീമില്‍ എന്തെങ്കിലും മാറ്റം വരാൻ സാധ്യതയുള്ളൂ. ടീമില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാവുമെന്നു ഞാന്‍ കരുതുന്നില്ല”- റാത്തോഡ് പറഞ്ഞു.
ഋഷഭ് പന്തിൻ്റെ മോശം ഫോമിൻ്റെ പശ്ചാത്തലത്തിലാണ് ധോണി ലോകകപ്പ് ടീമിൽ ഇടം പിടിച്ചേക്കുമെന്ന സൂചനകൾ ഉയർന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ധോണി ടീമിലുണ്ടാവുമെന്ന് പരിശീലകൻ രവി ശാസ്ത്രി അറിയിക്കുകയും ചെയ്തു. എന്നാൽ പന്തിനു പരുക്കേറ്റ സാഹചര്യത്തിൽ കീപ്പിംഗ് ഗ്ലൗ അണിഞ്ഞ ലോകേഷ് രാഹുൽ സ്ഥിരതയാർന്ന, മികച്ച പ്രകടനങ്ങൾ നടത്തിയതോടെ പന്തിനു പോലും സ്ഥാനമില്ലാതായി. നിലവിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളാണ് പന്ത് വഹിക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ ധോണി ടീമിലെത്താനുള്ള സാധ്യത വളരെ വിരളമാണ്.
കഴിഞ്ഞ ജൂലായിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് അതിനു ശേഷം ധോണി വിട്ടുനിന്നത്. സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ധോണിയെ ഇനി പരിഗണിക്കില്ലെന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു.
Story Highlights: MS Dhoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here