മൂന്നാറിലെ റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കിയ കളക്ടറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

മൂന്നാറിലെ റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കിയ ഇടുക്കി കളക്ടറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കളക്ടറുടെ നടപടിക്കെതിരെ മൂന്ന് റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കളക്ടറുടെ നടപടി.
പട്ടയം റദ്ദാക്കപ്പെട്ട അംബര്‍ഡെയ്ല്‍ റിസോര്‍ട്ടിന്റെ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. പട്ടയം റദ്ദാക്കിയ കളക്ടറുടെ നടപടി നിയമപരമല്ലെന്നും കേസില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ കളക്ടര്‍ തയാറായില്ലെന്നും റിസോര്‍ട്ട് ഉടമകള്‍ കോടതിയില്‍ നിലപാടെടുത്തു.
വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ മാത്രം പട്ടയം റദ്ദാക്കാനാകില്ലെന്നും റിസോര്‍ട്ട് ഉടമകള്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് പട്ടയം റദ്ദാക്കല്‍ കോടതി സ്റ്റേ ചെയ്തത്. കേസ് പരിഗണിക്കുന്നത് അടുത്ത മാസം 25 ലേക്ക് മാറ്റി.
1964 ലെ ഭൂ ചട്ടങ്ങള്‍ പ്രകാരം കൃഷിക്കും താമസത്തിനുമായി അനുവദിച്ച ഭൂമി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുകയും വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്‌തെന്നായിരുന്നു വിജിലന്‍സും റവന്യു വകുപ്പും കണ്ടെത്തിയത്. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കാന്‍ തഹസില്‍ദാരോട് കളക്ടര്‍ നിര്‍ദേശിച്ചത്. പള്ളിവാസല്‍ മേഖലയിലെ മൂന്ന് റിസോര്‍ട്ടുകള്‍ക്കെതിരെയായിരുന്നു നടപടി. അതേസമയം സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ കളക്ടര്‍ തിടുക്കം കാട്ടിയെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റും കുറ്റപ്പെടുത്തി.
Story Highlights: Kerala high court, munnar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here