Advertisement

അനിഷ്ട സംഭവമുണ്ടായാല്‍ ഏഴ് സെക്കന്റിനുള്ളില്‍ കേരളാ പൊലീസ് അറിയും ; പദ്ധതി ഇന്ത്യയില്‍ ആദ്യം

January 28, 2020
Google News 1 minute Read

കുറ്റകൃത്യങ്ങള്‍ തടയാന്‍ ആധുനിക സാങ്കേതിക വിദ്യയുമായി കേരളാ പൊലീസ്.
വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷണശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ ഉണ്ടായാല്‍ ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സെക്കന്റുകള്‍ക്കുള്ളില്‍ വിവരം എത്തിക്കാനും വിവിധ കേന്ദ്രങ്ങളിലേക്ക് നിര്‍ദേശം നല്‍കാനും സഹായിക്കുന്ന ആധുനിക സംവിധാനമായ സെന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിംഗ് സിസ്റ്റം ഉടന്‍ കേരളാ പൊലീസിന്റെ ഭാഗമാവും.

ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കെല്‍ട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ പദ്ധതി കേരള പൊലീസ് അവതരിപ്പിക്കുന്നത്. സിഐഎംഎസ് പരിരക്ഷയുള്ള സ്ഥലങ്ങളില്‍ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ മൂന്നു മുതല്‍ ഏഴു സെക്കന്‍ഡിനകം തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും. ഇതോടൊപ്പം ലോക്കല്‍ കണ്‍ട്രോള്‍ റൂമിലേക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും അനിഷ്ടസംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും.

സെന്‍സര്‍, ക്യാമറ, കണ്‍ട്രോള്‍ പാനല്‍ എന്നിവയാണ് സിഐഎംഎസിന് ആവശ്യം. മൊബൈല്‍ ഫോണുകള്‍ പോലെ ജിഎസ്എം സംവിധാനത്തിലാണ് വിവരങ്ങള്‍ കൈമാറുക. ആരെങ്കിലും അതിക്രമിച്ചുകടന്നാല്‍ ക്യാമറയും സെന്‍സറുകളും പ്രവര്‍ത്തനക്ഷമമാകുകയും ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് തല്‍സമയം എത്തുകയും ചെയ്യും. ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലുള്ളവര്‍ക്ക് കാണാമെന്നതിനാല്‍ തെറ്റായ സന്ദേശം വന്നാലും തിരിച്ചറിയാനാകും.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പ്രകാരം കേരള പൊലീസ് തയാറാക്കിയ ഈ പദ്ധതി കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിഐഎംഎസ് കണ്‍ട്രോള്‍ റൂം കേരള പൊലീസിന്റെയും കെല്‍ട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, ഫ്‌ളാറ്റുകള്‍, ഓഫീസുകള്‍, ബാങ്കുകള്‍, എടിഎം കൗണ്ടറുകള്‍ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സിഐഎംഎസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പിക്കാവുന്നതാണ്. സ്ഥാപനം സിഐഎംഎസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചാല്‍ കണ്‍ട്രോള്‍ റൂമിലുള്ള പ്രത്യേകതരം ഹാര്‍ഡ് വെയറും വീഡിയോ മാനേജ്‌മെന്റ് സിസ്റ്റവും നിങ്ങളുടെ സ്ഥാപനത്തില്‍ സ്ഥാപിക്കുന്ന ലോക നിലവാരമുള്ള സെന്‍സറുകളും ക്യാമറകളും ഇന്റര്‍ഫേസിംഗ് യൂണിറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ കണക്ഷന്‍ നിലനില്‍ക്കുന്നതിനാല്‍ ഏത് സമയത്തും നിങ്ങളുടെ സ്ഥാപനം പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും.
നിങ്ങളുടെ വീടോ സ്ഥാപനമോ സന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിംഗ് സിസ്റ്റം സ്ഥാപിക്കാന്‍ അടുത്തുള്‌ല പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാവുന്നതാണ്.

 

Story Highlights- Central Intervention Monitoring System, kerala police,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here