അമിത് ഷായുടെ റാലിക്കിടെ പൗരത്വ നിയമത്തിനെതിരായ മുദ്രാവാക്യം; യുവാവിനെ തല്ലിച്ചതച്ച് ആൾക്കൂട്ടം

ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്കിടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ മുദ്രാവാക്യം മുഴക്കിയ യുവാവിനെ തല്ലിച്ചതച്ച് ആൾക്കൂട്ടം. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ഡൽഹി പോലീസ് താൻ മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് എഴുതി തരാൻ ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
ഹർജിത്ത് സിംഗ് എന്ന ഇരുപതുകാരനാണ് പരുക്കേറ്റത്. മുഖത്തും, കാലിലും, പുറത്തും ഹർജിത്തിന് പരുക്കേറ്റിട്ടുണ്ട്. ‘സിഎഎ വാപ്പസ് ലോ’ (സിഎഎ പിൻവലിക്കൂ) എന്നാണ് ഹർജിത് മുദ്രാവാക്യം വിളിച്ചത്. ഇതോടെ ആൾക്കൂട്ടം ഹർജിത്തിനെ പിന്നിലേക്ക് വലിക്കുകയും മർദിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ഹർജിത്തിനെ ഡൽഹി പൊലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുപോവുകയും, ലോക്കപ്പിൽ അടക്കുകയും ചെയ്തു. താൻ മാനസികമായി വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് എഴുതി തരാൻ ഡൽഹി പൊലീസ് നിർബന്ധിച്ചതായും ഹർജിത്ത് പറഞ്ഞു.
അതേസമയം, ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ വേദ് പ്രകാശ് സൂര്യ ഹർജിത്തിന്റെ ആരോപണം തള്ളി. പൊലീസ് ഹർജിത്തിൽ നിന്ന് ഒന്നും എഴുതി വാങ്ങിയിട്ടില്ലെന്ന് വേദ് പ്രകാശ് വ്യക്തമാക്കി. മർദനമേറ്റ ഹർജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും എംഎൽസി റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാതാപിതാക്കൾക്ക് ഹർജിത്തിനെ കൈമാറിയെന്നും പൊലീസ് പറയുന്നു.
Story Highlights- Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here