അണ്ടർ-19 ലോകകപ്പ്: ഏഴാം വിക്കറ്റിൽ രക്ഷാപ്രവർത്തനം; ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിൻ്റെ ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 6 വിക്കറ്റിനു 144 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഏഴാം വിക്കറ്റിൽ രവി ബിഷ്ണോയും അഥർവ അങ്കോലേക്കറും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. 62 റൺസെടുത്ത യശസ്വി ജെയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അങ്കോലേക്കർ 55 റൺസെടുത്ത് പുറത്താവാതെ നിന്നു. ഓസ്ട്രേലിയക്കായി ടോഡ് മർഫി, കോറി കെല്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ വിക്കറ്റിൽ ദിവ്യാൻഷ് സക്സേനയും ജെയ്സ്വാളും ചേർന്ന കൂട്ടുകെട്ട് 35 റൺസ് സ്കോർ ബോർഡിലേക്ക് ചേർത്തു. 10ആം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 14 റൺസെടുത്ത സക്സേനയെ കോറി കെല്ലി പാട്രിക് റോവിൻ്റെ കൈകളിലെത്തിച്ചു. മൂന്നാം നമ്പറിൽ ഇറങ്ങിയ തിലക് വർമ്മ 2 റൺസെടുത്ത് പുറത്തായി. ടോഡ് മർഫിയുടെ പന്തിൽ മക്കൻസി ഹാർവി പിടിച്ചാണ് തിലക് മടങ്ങിയത്. അഞ്ച് റൺസെടുത്ത ക്യാപ്റ്റൻ പ്രിയം ഗാർഗിനെ കോണർ സള്ളി ക്ലീൻ ബൗൾഡാക്കി.
നാലാം വിക്കറ്റിൽ ജെയ്സ്വാളും ധ്രുവ് ജൂറെലും ചേർന്ന സഖ്യം 48 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ 73 പന്തുകളിൽ ജെയ്സ്വാൾ അർധസെഞ്ചുറി കുറിച്ചു. ഏറെ വൈകാതെ ജെയ്സ്വാളും പുറത്തായി. 62 റൺസെടുത്ത ജെയ്സ്വാളിനെ തൻവീർ സങ്ക ക്ലീൻ ബൗൾഡാക്കി. 31ആം ഓവറിൽ അഞ്ചാം വിക്കറ്റ് വീണു. ടോഡ് മർഫിയെ ക്രീസ് വിട്ട് പ്രഹരിക്കാനുള്ള ശ്രമത്തിനിടെ ധ്രുവ് ജൂറെൽ (15) വിക്കറ്റ് കീപ്പറ്റ് പാട്രിക് റോവ് കൈപ്പിടിയിലൊതുക്കി.
ആറാം വിക്കറ്റിൽ സിദ്ധേഷ് വീറും അഥർവ അങ്കോൾക്കറും ചേർന്ന് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും 30 റൺസേ കൂട്ടിച്ചേർക്കാനായുള്ളൂ. 25 റൺസെടുത്ത സിദ്ധേഷ് വീറിനെ കോറി കെല്ലിയുടെ പന്തിൽ ടോഡ് മർഫി പിടികൂടി. തുടർന്നാണ് ഇന്ത്യയെ രക്ഷിച്ച കൂട്ടുകെട്ട് പിറക്കുന്നത്. ഏഴാം വിക്കറ്റിൽ അങ്കോൾക്കർക്കൊപ്പം ചേർന്ന രവി ബിഷ്ണോയ് ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. ബിഷ്ണോയ്ക്ക് ഉറച്ച പിന്തുണ നൽകിയ അങ്കോലേക്കർ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സ്കോറിംഗിൽ പങ്കാളിയായി.
48ആം ഓവറിൽ ഈ കൂട്ടുകെട്ട് തകർന്നു. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ രണ്ടാം റണ്ണിനോടിയ ബിഷ്ണോയ് റണ്ണൗട്ടായി. 31 പന്തുകളിൽ 30 റൺസെടുത്താണ് ബിഷ്ണോയ് പുറത്തായത്. അങ്കോലേക്കർക്കൊപ്പം ചേർന്ന് ഏഴാം വിക്കറ്റിൽ 61 റൺസിൻ്റെ കൂട്ടുകെട്ടും ബിഷ്ണോയ് പടുത്തുയർത്തിയിരുന്നു. സുഷാന്ത് മിശ്ര (4), കാർത്തിക് ത്യാഗി (1) എന്നിവർ വേഗം പുറത്തായെങ്കിലും അർധസെഞ്ചുറി നേടി പുറത്താവാതെ നിന്ന അങ്കോലേക്കർ ഇന്ത്യക്ക് മാന്യമായ സ്കോർ സമ്മാനിച്ചു. 54 പന്തുകളിലാണ് അങ്കോലേക്കർ 55 റൺസെടുത്തത്.
Story Highlights: U-19 World Cup, India, Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here