അണ്ടർ-19 ലോകകപ്പ്: ജെയ്സ്വാളും പുറത്ത്; ഇന്ത്യ പതറുന്നു

അണ്ടർ-19 ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പതറുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 31 ഓവർ പിന്നിടുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുത്തിട്ടുണ്ട്. മികച്ച രീതിയിൽ പന്തെറിഞ്ഞ ഓസീസ് ബൗളർമാർ ഇന്ത്യയെ പിടിച്ചുകെട്ടുകയായിരുന്നു. ഓപ്പണർ യശ്വസ്വി ജെയ്സ്വാൾ 62 റൺസെടുത്ത് ടോപ്പ് സ്കോററായി.
ആദ്യ വിക്കറ്റിൽ ദിവ്യാൻഷ് സക്സേനയും ജെയ്സ്വാളും ചേർന്ന കൂട്ടുകെട്ട് 35 റൺസ് സ്കോർ ബോർഡിലേക്ക് ചേർത്തു. 10ആം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 14 റൺസെടുത്ത സക്സേനയെ കോറി കെല്ലി പാട്രിക് റോവിൻ്റെ കൈകളിലെത്തിച്ചു. മൂന്നാം നമ്പറിൽ ഇറങ്ങിയ തിലക് വർമ്മ 2 റൺസെടുത്ത് പുറത്തായി. ടോഡ് മർഫിയുടെ പന്തിൽ മക്കൻസി ഹാർവി പിടിച്ചാണ് തിലക് മടങ്ങിയത്. അഞ്ച് റൺസെടുത്ത ക്യാപ്റ്റൻ പ്രിയം ഗാർഗിനെ കോണർ സള്ളി ക്ലീൻ ബൗൾഡാക്കി.
നാലാം വിക്കറ്റിൽ ജെയ്സ്വാളും ധ്രുവ് ജൂറെലും ചേർന്ന സഖ്യം 48 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ 73 പന്തുകളിൽ ജെയ്സ്വാൾ അർധസെഞ്ചുറി കുറിച്ചു. ഏറെ വൈകാതെ ജെയ്സ്വാളും പുറത്തായി. 62 റൺസെടുത്ത ജെയ്സ്വാളിനെ തൻവീർ സങ്ക ക്ലീൻ ബൗൾഡാക്കി. 31ആം ഓവറിൽ അഞ്ചാം വിക്കറ്റ് വീണു. ടോഡ് മർഫിയെ ക്രീസ് വിട്ട് പ്രഹരിക്കാനുള്ള ശ്രമത്തിനിടെ ധ്രുവ് ജൂറെൽ (15) വിക്കറ്റ് കീപ്പറ്റ് പാട്രിക് റോവ് കൈപ്പിടിയിലൊതുക്കി.
നിലവിൽ 5 റൺസെടുത്ത സിദ്ധേഷ് വീറും റൺസൊന്നുമെടുക്കാത്ത അഥർവ അങ്കോൾക്കറുമാണ് ക്രീസിൽ.
Story Highlights: India, Australia, U-19, World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here