സിഎഎ പരസ്യനിലപാട് പ്രഖ്യാപിക്കാത്തത് ആർഎസ്എസ് വോട്ടിന് വേണ്ടി; കേജ്‌രിവാളിനെതിരെ അൽക ലാംബ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സ്ഥാനാർത്ഥി അൽക്ക ലാംബ. ആർഎസ്എസിന്റെ വോട്ടിന് വേണ്ടിയാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ കേജ്‌രിവാൾ പങ്കെടുക്കാതിരുന്നതെന്ന് അൽക പറഞ്ഞു. ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികളിൽ പലരും അഴിമതി ആരോപണങ്ങൾ നേരിടുന്നുവെന്നും അൽക്ക ലാംബ ട്വന്റിഫോറിനോട് പറഞ്ഞു.
ചാന്ദിനി ചൗക്ക് മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥിയാണ് അൽക്ക ലാംബ. 2014ൽ കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്ന് മത്സരിച്ച് വിജയിച്ചെങ്കിലും 2019 ൽ പാർട്ടിയിൽ തിരിച്ചെത്തി. പൗരത്വ നിയമ ഭേദഗതിയിൽ പരസ്യ നിലപാട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രഖാപിക്കാത്തത് ആർഎസ്എസിന്റെ വോട്ടിന് വേണ്ടിയാണെന്നാണ് അൽക്ക ലാംബയുടെ ആരോപണം. അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിവച്ച കേജ്‌രിവാൾ അഴിമതിക്കാരുമായി സന്ധി ചേരുന്നുവെന്നും ലാംബ പറഞ്ഞു. സർക്കാർ പണം ഉപയോഗിച്ച് കേജ്‌രിവാൾ നുണപ്രചാരണം നടത്തുകയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് മറ്റൊരു ഷീല ദീക്ഷിതിനെ ഡൽഹിക്ക് സമ്മാനിക്കുമെന്നും ലാംബ കൂട്ടിച്ചേർത്തു.
സമൂഹത്തിൽ വർഗീയമായി വേർതിരിവ് ഉണ്ടാക്കി വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നത്. അത് ജനം തിരിച്ചറിയുന്നുണ്ടെന്നും അൽക്ക ലാംബ വ്യക്തമാക്കി.
story highlights- Alka lamba, aravind kejrival, AAP, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here