ലോകേഷ് രാഹുൽ 2.0; രാഹുൽ ദ്രാവിഡിന്റെ സംഭാവന

‘ഉർവശീ ശാപം ഉപകാരം’ എന്ന് കേട്ടിട്ടില്ലേ? ആ പഴഞ്ചൊല്ല് വർത്തമാന കാലത്ത് ഏറ്റവും നന്നായി പ്രയോഗിക്കാൻ കഴിയുന്നത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുലിൻ്റെ കാര്യത്തിലാണ്. പോയ വർഷം ഇന്ത്യൻ ക്രിക്കറ്റിൽ ലോകേഷ് രാഹുൽ എന്ന കളിക്കാരനായിരുന്നു ചർച്ചാ വിഷയം. മോശം പ്രകടനത്തെത്തുടർന്ന് ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട രാഹുൽ ഇപ്പോൾ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇതിനിടയിൽ സെക്സിസ്റ്റ് പരാമർശം നടത്തിയതിന് കുറച്ചു നാൾ വിലക്ക്. ആ വിലക്കാണ് കാര്യങ്ങൾ മാറ്റിമറിച്ചത്.
2018 ഡിസംബറിലാണ് രാഹുൽ ടെസ്റ്റ് ടീമിൽ നിന്നു പുറത്താക്കപ്പെടുന്നത്. 13 ടെസ്റ്റുകളിൽ നിന്ന് 25ൽ താഴെ മാത്രം ശരാശരിയുമായി രാഹുൽ റെഡ് ബോൾ ക്രിക്കറ്റിൽ ബുദ്ധിമുട്ടുകയായിരുന്നു. 22 ഇന്നിംഗ്സുകളിൽ നിന്ന് 10 തവണ ബൗൾഡായ രാഹുൽ 4 തവണ വിക്കറ്റിനു മുന്നിൽ കുരുങ്ങി. ടെക്നിക്കൽ എററും ഫുട്‌വർക്കിലെ പോരായ്മയും രാഹുൽ എന്ന നാച്ചുറൽ ടാലൻ്റിനെ പിന്നോട്ടടിക്കുകയായിരുന്നു. ഏറെ പ്രതിഭാധനനായ കളിക്കാരൻ സാവധാനത്തിൽ രാജ്യാന്തര തലത്തിൽ നിന്ന് മറയുകയായിരുന്നു. തുടർച്ചയായ പരാജയങ്ങളിലും രാഹുലിന് അവസരം നൽകിയ ക്യാപ്റ്റൻ വിരാട് കോലി നിശിതമായി വിമർശിക്കപ്പെട്ടു. ഒടുവിൽ രാഹുൽ ടെസ്റ്റ് ടീമിൽ നിന്നു പുറത്ത്.
2019 ജനുവരിയിൽ കരൺ ജോഹറിൻ്റെ ടോക്ക് ഷോ ആയ കോഫി വിത്ത് കരണിൻ്റെ ഒരു എപിസോഡ് സംപ്രേഷണം ചെയ്യപ്പെട്ടു. ലോകേഷ് രാഹുലും ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയുമായിരുന്നു അതിഥികൾ. ഷോയ്ക്കിടെ ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ, സെക്സിസ്റ്റ് പരാമർശങ്ങൾ വിവാദമായി. രണ്ടു പേരെയും അന്വേഷണ വിധേയമായി ബിസിസിഐ വിലക്കി. ഓസ്ട്രേലിയൻ പരമ്പരക്കുള്ള ടീമിൽ നിന്ന് ഇരുവരെയും പിൻവലിച്ചു. ലോകേഷ് രാഹുലിൻ്റെ കരിയർ അവസാനിച്ചു എന്ന് പലരും വിധിയെഴുതി. എന്നാൽ രാഹുലിന് മറ്റു ചില പദ്ധതികളുണ്ടായിരുന്നു.
രാഹുൽ വിലക്കിൻ്റെ സമയത്ത് രാഹുൽ ദ്രാവിഡിനെ തേടി പോയി. ഇന്ത്യ എ ടീമിനെ പരീശീലിപ്പിക്കുകയായിരുന്നു ദ്രാവിഡ്. ലോകേഷ് രാഹുൽ രാഹുൽ ദ്രാവിഡിൻ്റെ ശിഷ്യത്വം സ്വീകരിച്ചു. ദ്രാവിഡിൻ്റെ നിർദ്ദേശ പ്രകാരം രാഹുൽ ഫുട്‌വർക്കിൽ ചില ക്രമീകരണം വരുത്തി. ഒപ്പം ചില ടെക്നിക്കൽ മാറ്റങ്ങളും രാഹുൽ സ്വീകരിച്ചു.
2019 ഐപിഎല്ലിൽ രാഹുൽ 2.0 അവതരിച്ചു. കഴിഞ്ഞ ഐപിഎൽ സീസണിൽ ഒരു സെഞ്ചുറിയും ആറ് അർധസെഞ്ചുറികളുമായി റൺവേട്ടക്കാരിൽ രണ്ടാമതായിരുന്നു രാഹുൽ. ഐപിഎൽ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ ഏകദിന ലോകകപ്പ് ടീമിൽ ഉൾപ്പെട്ടു. നാലാം നമ്പറിൽ കളിച്ചു തുടങ്ങിയ രാഹുൽ പിന്നീട് ഓപ്പണർ റോളിലെത്തി. ശിഖർ ധവാൻ്റെ പരുക്ക് വളമായത് രാഹുലിനാണ്. അത്ര ഗംഭീരമല്ലെങ്കിലും തരക്കേടില്ലാത്ത ഒരു ലോകകപ്പായിരുന്നു രാഹുലിനെ കാത്തിരുന്നത്.
ലോകകകപ്പിനു ശേഷം സമാനതകളില്ലാത്ത പ്രകടനമാണ് രാഹുൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കളിച്ച ആറ് ഏകദിനങ്ങളിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും രാഹുലിൻ്റെ അക്കൗണ്ടിലുണ്ട്. 95നു മുകളിൽ പ്രഹരശേഷിയും രാഹുൽ കാത്തുസൂക്ഷിക്കുന്നു. ടി-20കളിൽ വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് രാഹുൽ. 50നു മുകളിൽ ശരാശരിയും 140നു മുകളിൽ പ്രഹരശേഷിയും വിലക്കിനു ശേഷം ടി-20കളിൽ രാഹുലിനുണ്ട്. സ്ഥിരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു പരുക്കേറ്റതിനു ശേഷം കീപ്പിംഗ് ഗ്ലൗ അണിഞ്ഞ രാഹുൽ ഋഷഭിനെ മറികടന്ന് ആ സ്ഥാനം പിടിച്ചടക്കുകയും ചെയ്തു. നാലാം നമ്പറിൽ ബാറ്റ് ചെയ്ത രാഹുൽ ശിഖർ ധവാനു പരുക്കേറ്റ പശ്ചാത്തലത്തിൽ ഓപ്പണറായി മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നു.
ഇപ്പോൾ, വരുന്ന ടി-20 ലോകകപ്പ് ടീമിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാണ് രാഹുൽ. ഈ ഫോം തുടർന്നാൽ ഏറെ വൈകാതെ ടോപ്പ് 2നു പകരം ഇന്ത്യൻ ക്രിക്കറ്റ് ടോപ്പ് 3 എന്ന് പുനർനിർവചനം ചെയ്യപ്പെടും.
Story Highlights: Lokesh Rahul, Rahul Dravid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here