മികച്ച തുടക്കത്തിനു ശേഷം ഇന്ത്യക്ക് തകർച്ച; ന്യൂസിലൻഡിന് 180 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ മൂന്നാം ടി-20 മത്സരത്തിൽ ന്യൂസിലൻഡിന് 180 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. മികച്ച തുടക്കം ലഭിച്ച ഇന്ത്യക്ക് മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടതാണ് തിരിച്ചടി ആയത്. ഇന്ത്യക്കായി 65 റൺസെടുത്ത രോഹിത് ശർമ്മ ടോപ്പ് സ്കോററായി. മൂന്നു വിക്കറ്റെടുത്ത ഹാമിഷ് ബെന്നറ്റാണ് ന്യൂസിലൻഡിനായി തിളങ്ങിയത്.

സാവധാനം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ പവർ പ്ലേയുടെ അവസാന ഓവറിലാണ് ഗിയർ മാറ്റിയത്. ഹാമിഷ് ബെന്നറ്റ് എറിഞ്ഞ ഓവറിൽ മൂന്ന് സിക്സറും രണ്ട് ബൗണ്ടറിയും സഹിതം രോഹിത് ആ ഓവറിൽ അടിച്ചത് 26 റൺസ്. ആദ്യ പന്തിൽ രാഹുൽ സിംഗിൾ എടുത്തിരുന്നു. ഈ ഓവറോടെ 23 പന്തുകളിൽ രോഹിത് അർധസെഞ്ചുറി തികച്ചു.

ഒൻപതാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. ബൗളിംഗ് ചേഞ്ചുമായെത്തിയ കോളിൻ ഡി ഗ്രാൻഡ്‌ഹോമിൻ്റെ അവസാന പന്തിൽ കോളിൻ മൺറോയ്ക്ക് പിടിനൽകി രാഹുൽ മടങ്ങി. 19 പന്തുകളിൽ 27 റൺസെടുത്ത രാഹുൽ 89 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷമാണ് മടങ്ങിയത്. പിന്നാലെ രോഹിതും വീണു. ഹാമിഷ് ബെന്നറ്റാണ് രോഹിതിനെ പുറത്താക്കിയത്. 40 പന്തുകളിൽ ആറു ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 65 റൺസെടുത്ത രോഹിതിനെ ബെന്നറ്റിൻ്റെ പന്തിൽ സൗത്തി പിടികൂടുകയായിരുന്നു. ഓവറിലെ അവസാന പന്തിൽ ശിവം ദുബേയെ (3) ഇഷ് സോധി കൈപ്പിടിയിലൊതുക്കി.

നാലാം വിക്കറ്റിൽ വിരാട് കോലി-ശ്രേയസ് അയ്യർ സഖ്യം 46 റൺസ് കൂട്ടിച്ചേർത്തു. സാൻ്റ്നറെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനുള്ള ശ്രമത്തിനിടെ അയ്യറിനെ (17) ടിം സീഫർട്ട് സ്റ്റമ്പ് ചെയ്തു പുറത്താക്കി. 19ആം ഓവറിലെ അവസാന പന്തിൽ ബെന്നറ്റിൻ്റെ മൂന്നാം ഇരയായി കോലിയും മടങ്ങി. 27 പന്തുകളിൽ 38 റൺസെടുത്ത കോലിയെ സൗത്തി പിടികൂടുകയായിരുന്നു. തുടർന്ന് മനീഷ് പാണ്ഡെ (6 പന്തുകളിൽ 14), രവീന്ദ്ര ജഡേജ (5 പന്തുകളിൽ10) എന്നിവരുടെ കൂറ്റനടികളാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.

Story Highlights: India, New Zealand, T-20നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More