പാകിസ്താനിലാണ് നടക്കുന്നതെങ്കിൽ ഏഷ്യ കപ്പ് കളിക്കില്ല; നിലപാട് കടുപ്പിച്ച് ബിസിസിഐ

ഏഷ്യാ കപ്പ് നടക്കുന്നത് പാകിസ്താനിലാണെങ്കിൽ ഇന്ത്യ ടൂർണമെൻ്റിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ. ആതിഥേയത്വം ആരു വഹിക്കുന്നു എന്നതിനപ്പുറം വേദിയാണ് പ്രശ്നമെന്ന് ബിസിസിഐ അറിയിച്ചു. പാക്കിസ്താൻ ആതിഥേയത്വം വഹിക്കുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്നും വേദി പാകിസ്താനിലാണെങ്കിൽ കളിക്കില്ലെന്നുമാണ് ബിസിസിഐ നിലപാട്.
നേരത്തെ, ഇന്ത്യ ഏഷ്യ കപ്പിൽ കളിച്ചില്ലെങ്കിൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി-20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ഇല്ലാതെ ഏഷ്യ കപ്പ് നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനു തീരുമാനിക്കാമെന്നും ഇന്ത്യയെ ഉൾപ്പെടുത്താനാണ് തീരുമാനമെങ്കിൽ വേദി പാകിസ്താനിൽ നിന്നു മാറ്റണമെന്നും ബിസിസിഐ പറഞ്ഞു.
2018 ഏഷ്യ കപ്പിലും സമാന പ്രശ്നം ഉണ്ടായിരുന്നു. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടൂർണമെൻ്റ് ബിസിസിഐ പാകിസ്താനിലേക്കു മാറ്റി. പാകിസ്താന് ഇന്ത്യയിൽ കളിക്കാൻ വിസ ലഭിക്കാത്ത സാഹചര്യത്തെ തുടർന്നാണ് ബിസിസിഐ വേദി മാറ്റിയത്. അന്ന് ബിസിസിഐ ചെയ്തത് ഇന്ന് പിസിബിക്ക് ചെയ്യാമല്ലോ എന്നാണ് ചോദ്യം.
സെപ്തംബറിലാണ് ഏഷ്യ കപ്പ് നടക്കുന്നത്. 2018 ഏഷ്യ കപ്പിൽ ഇന്ത്യയായിരുന്നു ചാമ്പ്യൻ പട്ടം ചൂടിയത്. ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.
Story Highlights: India, Pakistan, BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here