‘നരേന്ദ്രമോദി പ്രചോദനമായി’; സെയ്ന നെഹ്‌വാൾ ബിജെപിയിൽ

ബാഡ്മിൻ്റൺ താരം സെയ്ന നെഹ്‌വാൾ ബിജെപിയിൽ ചേർന്നു. ഡൽഹി തെരഞ്ഞെടുപ്പിനു മുന്നോടി ആയാണ് സെയ്‌ന ബിജെപിയിൽ ചേർന്നത്. ഫെബ്രുവരി 8നു നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന് ബിജെപിക്കു വേണ്ടി സെയ്‌ന ഇറങ്ങുമെന്നാണ് സൂചന.

ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു ബിജെപി അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശിയ ജനറൽ സെക്രട്ടറി അരുൺ സിങ് ന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഖേലോ ഇന്ത്യ ഉൾപ്പടെ മോദി സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ കായിക രംഗത്തിനു ഏറെ ഗുണം ചെയ്യും എന്ന് അംഗത്വം സ്വീകരിച്ച ശേഷം സൈന പറഞ്ഞു.

“ഞാൻ രാജ്യത്തിനായി മെഡലുകൾ നേടിയിട്ടുണ്ട്. ഞാൻ കഠിനാധ്വാനം ചെയ്യുന്ന ആളാണ്, അങ്ങനെയുള്ളവരെ എനിക്ക് ഇഷ്ടവുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നത് ഞാൻ കാണുന്നുണ്ട്. അദ്ദേഹത്തോടൊപ്പം ചേർന്ന് രാജ്യത്തിനായി ചിലതൊക്കെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നരേന്ദ്ര സറിൽ നിന്ന് എനിക്ക് ഒരുപാട് പ്രചോദനം ഉണ്ടായിട്ടുണ്ട്.”- സെയ്ന പറഞ്ഞു.

ഹരിയാന സ്വദേശിനിയായ സെയ്ന സമീപകാലത്തായി തൻ്റെ ട്വീറ്റുകളിലൂടെ ബിജെപി ചായ്വ് വെളിപ്പെടുത്തിയിരുന്നു. മുൻ ലോക ഒന്നാം നമ്പർ താരമായ 29കാരി രാജീവ് ഗാന്ധി ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2016ൽ സെയ്ന പദ്മഭൂഷണും അർഹയായി. 24 രാജ്യാന്തര ടൈറ്റിലുകളാണ് സെയ്ന തൻ്റെ കരിയറിൽ ഇതുവരെ നേടിയത്. നിലവിൽ 2020 ഒളിമ്പിക്സിനായി തയ്യാറെടുക്കുകയാണ് സെയ്ന.

സമീപകാലത്തായി ഒട്ടേറെ കായിക താരങ്ങളെ ബിജെപി പാർട്ടിയിൽ എത്തിച്ചിട്ടുണ്ട്. മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപി ടിക്കറ്റിൽ ഡൽഹിയിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗുസ്തി താരങ്ങളായ ബബിത ഫോഗട്ട്, സുശിൽ കുമാർ, മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സന്ദീപ് സിംഗ് എന്നിവരും ബിജെപിയിൽ എത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച സന്ദീപ് ഇന്ന് മന്ത്രിയാണ്.

Story Highlights: BJP, Saina Nehwalനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More