അണ്ടർ-19 ലോകകപ്പ്; തുടർ ജയങ്ങളിൽ ഓസീസിനെ തകർത്ത് ഇന്ത്യ

അണ്ടർ-19 ലോകകപ്പിൽ തുടർച്ചയായി ഏറ്റവുമധികം വിജയങ്ങൾ നേടുന്ന ടീമായി ഇന്ത്യ. ഓസ്ട്രേലിയയുടെ റെക്കോർഡ് തകർത്താണ് ഇന്ത്യ ഒന്നാമതെത്തിയത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ വിജയിച്ച ഇന്ത്യ തുടർച്ചയായ 10ആം ജയമാണ് കുറിച്ചത്.
കഴിഞ്ഞ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ 6 മത്സരങ്ങൾ വിജയിച്ച് കിരീടം നേടിയിരുന്നു. പൃഥ്വി ഷായുടെ നായകത്വത്തിലായിരുന്നു ഇന്ത്യയുടെ പ്രകടനം. ഇപ്പോൾ ഇന്ത്യ തുടർച്ചയായി നാലു മത്സരങ്ങൾ വിജയിച്ചു. ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ നേടിയ ജയത്തോടെ ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു.
2002-2004 കാലഘട്ടത്തിലാണ് ഓസ്ട്രേലിയ തുടര്‍ച്ചയായ 9 വിജയങ്ങൾ നേടിയത്. ഈ റെക്കോർഡാണ് ഇന്ത്യ ഓസ്ട്രേലിയയെ തന്നെ തോല്പിച്ച് ഇന്ത്യ മറികടന്നത്.
ക്വാർട്ടർ ഫൈനലിൽ 74 റൺസിനാണ് ഇന്ത്യ ഓസീസിനെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 43.3 ഓവറിൽ 159 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി കാർത്തിക് ത്യാഗി നാലും ആകാശ് സിംഗ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. 75 റൺസെടുത്ത സാം ഫാനിംഗ് ആണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 6 വിക്കറ്റിനു 144 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഏഴാം വിക്കറ്റിൽ രവി ബിഷ്ണോയും അഥർവ അങ്കോലേക്കറും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. 62 റൺസെടുത്ത യശസ്വി ജെയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അങ്കോലേക്കർ 55 റൺസെടുത്ത് പുറത്താവാതെ നിന്നു.
Story Highlights: India, Australia, U-19 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here