ടി-20 ക്യാപ്റ്റൻ സ്ഥാനത്ത് ഏറ്റവുമധികം റൺസ്; ധോണിയെ മറികടന്ന് കോലി ഒന്നാമത്

ഇന്ത്യക്കായി ഏറ്റവുമധികം ടി-20 റൺസ് നേടിയ ക്യാപ്റ്റനെന്ന റെക്കോർഡ് വിരാട് കോലിക്ക്. ന്യൂസിലൻഡിനെതിരായ മൂന്നാം ടി-20യുടെ 16ആം ഓവറിലാണ് കോലി ധോണിയെ മറികടന്നത്. ഇഷ് സോധി എറിഞ്ഞ ഓവറിലെ നാലാം പന്തിൽ സിംഗിൾ എടുത്തുകൊണ്ടാണ് കോലി റെക്കോർഡിലെത്തിയത്.
1112 റൺസാണ് ധോണി ഇന്ത്യൻ ക്യാപ്റ്റനായി ടി-20കളിൽ നേടിയത്. കോലിക്ക് ഇപ്പോൾ 1124 റൺസുണ്ട്. 1273 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസാണ് പട്ടികയിൽ ഒന്നാമത്. 1148 റൺസുള്ള ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസൺ പട്ടികയിൽ രണ്ടാമതാണ്.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് ഇന്നു ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ന്യൂസിലൻഡ് മണ്ണിൽ ഇതുവരെ ഒരു ടി-20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അർധസെഞ്ചുറികൾ നേടി.
രണ്ടാം ടി-20 യില്‍ ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ചു. ന്യൂസിലാന്‍ഡിന്റെ 133 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് എടുത്തു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി.
Story Highlights: Virat Kohli, MS Dhoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here