ബജറ്റ് സമ്മേളനത്തില്‍ അനുനയ നീക്കവുമായ് കേന്ദ്രസര്‍ക്കാര്‍; സഭാ നടപടികള്‍ തടസപ്പെടുത്തുന്ന സമരരീതി ഉപേക്ഷിക്കണമെന്ന് ആവശ്യം

ബജറ്റ് സമ്മേളനം കാര്യക്ഷമമാക്കാന്‍ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന സമരരീതി ഉപേക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു. നാളെ ആണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കുക. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ബജറ്റ് സമ്മേളനത്തിന്റെ ആമുഖമായി പ്രധാനമന്ത്രി വ്യക്തമാക്കി.

പൗരത്വ പ്രക്ഷോഭത്തില്‍ രാജ്യം തിളച്ച് മറിഞ്ഞ് നില്ക്കുമ്പോള്‍ നാളെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിലെ സര്‍ക്കാര്‍ നയമെന്തെന്ന രാഷ്ട്രീയ നിരിക്ഷകരുടെ ജിജ്ഞാസയ്ക്ക് ഉത്തരം നല്കുന്നതായിരുന്നു ഇന്ന് നടന്ന സര്‍വകക്ഷിയോഗം. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന സമീപനമാകും സര്‍ക്കാര്‍ തന്ത്രമാകുക. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള വിഷയം ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം അംഗികരിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള എംപിമാരും യോഗത്തില്‍ പങ്കെടുത്തു.

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതോടെയാകും ബജറ്റ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സര്‍ക്കാന്‍ മേശപ്പുറത്ത് വയ്ക്കും. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴുമുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വേ പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ തടസവാദങ്ങള്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ടതാകും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. കൃഷ്ണമൂര്‍ത്തി വി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സര്‍വേ തയാറാക്കിയത്.

Story Highlights: Budget

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top