Advertisement

വമ്പൻ പ്രഖ്യാപനം കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷ; ഇന്ത്യയിലെ ശമ്പളക്കാർക്ക് ആശ്വാസമാകുക ആദായ നികുതിയിലെ ഇളവ്

January 8, 2025
Google News 2 minutes Read
Nirmala Sitaraman

വർഷം 15 ലക്ഷം വരെ വാർഷിക വരുമാനം നേടുന്നവരെ ലക്ഷ്യമിട്ട് ആദായ നികുതി പരിധിയിൽ കേന്ദ്ര സർക്കാർ വലിയ ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യത്തെ ശമ്പളക്കാരായ നികുതി ദായകരെ സംബന്ധിച്ച് വലിയ ആശ്വാസമുണ്ടായേക്കുമെന്നാണ് കേന്ദ്ര സർക്കാരിലെ ഉന്നതരിൽ നിന്ന് ലഭിച്ച വിവരമെന്ന നിലയിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ നികുതി സമ്പ്രദായത്തിലാണ് മാറ്റം പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ വിഭാഗത്തിൽ മൂന്ന് ലക്ഷം വരെയാണ് ആദായ നികുതി അടക്കേണ്ടാത്തത്. മൂന്ന് മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനവും ഒൻപത് ലക്ഷം വരെ 10 ശതമാനവും 12 ലക്ഷം വരെ 15 ശതമാനവും 15 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി നൽകേണ്ടത്. 15 ലക്ഷത്തിന് മേലെ ശമ്പളക്കാർ 30 ശതമാനം നികുതി നൽകണം. എന്നാൽ എന്നാൽ 75000 രൂപ സ്റ്റാൻ്റേർഡ് ഡിഡക്ഷൻ ഉള്ളതിനാൽ 7.75 ലക്ഷം വരെ വാർഷിക വരുമാനം വാങ്ങുന്നവർ നിലവിൽ നികുതി നൽകേണ്ടതില്ല.

പുതിയ ബജറ്റിൽ ഏറ്റവും കുറഞ്ഞ നികുതി പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷത്തിലേക്ക് ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാല് മുതൽ ഏഴ് ലക്ഷം വരെ 5 ശതമാനം നികുതിയാകാനും സാധ്യതയുണ്ട്. സ്റ്റാൻ്റേർഡ് ഡിഡക്ഷൻ കൂടെ വരുമ്പോൾ 15 ലക്ഷം വരെയുള്ള നികുതി ദായകർക്ക് വലിയ ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഉപഭോഗം കുറയുന്നതായുള്ള വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നികുതി ഘടന പരിഷ്കരിക്കാൻ നീങ്ങുന്നത്. നഗരമേഖലയിലാണ് ആദായ നികുതി നൽകുന്നവർ ഏറെയും താമസിക്കുന്നത്. 20 ശതമാനം വരെ നികുതി നൽകുന്ന വിഭാഗത്തിൽ ഇളവ് നൽകിയാൽ വലിയ മാറ്റം ഉപഭോഗത്തിലുമുണ്ടാകുമെന്നാണ് പ്രതീക്ഷ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ നവംബർ വരെ 7.41 ലക്ഷം കോടി രൂപയാണ് ആദായ നികുതിയായി പിരിച്ചെടുത്തത്.

Story Highlights : Budget 2025: Salaried earners up to Rs 15 lakh may get tax relief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here