Advertisement

നടക്കാവ് വെടിക്കെട്ടപകടം; നാല് പേർ അറസ്റ്റിൽ

January 30, 2020
1 minute Read

തൃപ്പൂണിത്തുറ നടക്കാവ് ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ നാല് പേർ അറസ്റ്റിൽ. കിഴക്കേക്കര കരയോഗം ഭാരവാഹികളെയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

നടക്കാവ് ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. വെടിക്കെട്ടിന്റെ അവസാനം കൂട്ടപൊരിച്ചിലിനിടെ ഒരു അമിട്ട് ചരിഞ്ഞ് ആൾക്കൂട്ടത്തിനിടയിൽ വന്നു പതിക്കുകയായിരുന്നു. സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നത് റോഡിൽ നിന്ന് 15 മീറ്റർ മാത്രം അകലെയാണെന്നാണ് എക്‌സ്‌പ്ലോസീവ് കൺട്രോളർ വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എക്‌സ്‌പ്ലോസീവ് ആക്ട് അനുസരിച്ചുള്ള 100 മീറ്റർ അകലം പാലിച്ചിരുന്നില്ല. നടത്തിപ്പുകാർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്ന് എക്‌സ്‌പ്ലോസീവ് കൺട്രോളർ വിഭാഗം ഉദ്യോഗസ്ഥർ ട്വന്റിഫോറിനോട് പറഞ്ഞു.

read also: നടക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടം; കരയോഗം ഭാരവാഹികൾ കസ്റ്റഡിയിൽ

വെടിക്കെട്ടിന് കരാർ ഏറ്റെടുത്ത ചാലക്കുടിയിലെ സ്റ്റീഫൻ ഫയർ വർക്‌സിന്റെ ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കരാറുകാർക്കായി അന്വേഷണം ഊർജിതമാക്കി. വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

പൊലീസും ഫോറൻസിക് വിഭാഗവും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. അപകടത്തിന് പിന്നാലെ പടിഞ്ഞാറേക്കര കരയോഗം ഇന്ന് നടത്താനിരുന്ന വെടിക്കെട്ട് മാറ്റിവച്ചു. എന്നാൽ ഉത്സവത്തോട് അനുബന്ധിച്ചുള്ള മറ്റു ചടങ്ങുകൾ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top