നാലാം ടി-20: സഞ്ജു ഓപ്പൺ ചെയ്യും; ഇന്ത്യക്ക് ബാറ്റിംഗ്

ന്യൂസിലൻഡിനെതിരായ നാലാം ടി-20യിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ കിവീസ് നായകൻ ടിം സൗത്തി ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. പകരക്കാരനായാണ് സഞ്ജു എത്തിയത്. രോഹിത് ശർമ്മക്കു പകരം ഓപ്പണറായാണ് സഞ്ജു ടീമിലെത്തിയത്. രവീന്ദ്ര ജഡേജക്കു പകരമായി വാഷിംഗ്ടൺ സുന്ദറും മുഹമ്മദ് ഷമിക്കു പകരം നവദീപ് സെയ്നിയും റ്റീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആദ്യ മൂന്നു മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കിയതിൻ്റെ സാഹചര്യത്തിൽ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കുമെന്ന് ക്യാപ്റ്റൻ വിരാട് കോലി അറിയിച്ചിരുന്നു. പരുക്കേറ്റ കെയിൻ വില്ല്യംസണു പകരം ടിം സൗത്തിയാണ് കിവീസിനെ നയിക്കുക. വില്ല്യംസണു പകരം ഡാരിൽ മിച്ചലും കോളിൻ ഡി ഗ്രാൻഡ്‌ഹോമിനു പകരം ടോം ബ്രൂസും ന്യൂസിലൻഡ് നിരയിൽ കളിക്കും.
ആദ്യ രണ്ട് മത്സരങ്ങൾ അനായാസമായി ജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിൻ്റെ സൂപ്പർ ഓവറിലാണ് ജയിച്ചത്. സൂപ്പർ ഓവറിൽ ന്യൂസിലൻഡ് നേടിയ 17 റൺസ് ഇന്ത്യ അവസാന പന്തിൽ മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയപ്പോൾ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ന്യൂസിലൻഡും 179 റൺസ് എടുത്തു. 95 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് ന്യൂസിലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഷർദ്ദുൽ താക്കൂറും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനും രണ്ടാം മത്സരത്തിൽ ഏഴു വിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്.
Story Highlights: Sanju Samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here